| ശ്രീരാഗ് മേനോൻ
ആദ്യമായി എടുത്തു പറയേണ്ട കാര്യം റീറിലീസ് ചെയ്യുന്ന ഒരു പടം ഈ ഒരു ക്വാളിറ്റിയിലേക്ക് എത്തിച്ചവർക്ക് നിറഞ്ഞ കൈയ്യടികൾ. ക്വാളിറ്റി കൊണ്ട് ഞെട്ടിച്ചു എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്ന ഒരു ഔട്ട്‌പുട്ട്.
സത്യത്തിൽ എന്റെയൊക്കെ ജനറേഷൻ സ്‌ഫടികം ആദ്യം വീഡിയോ കാസെറ്റിലും ടെലിവിഷണിലും പിന്നീട് സിഡി, ഡിവിഡി, സ്ട്രീമിങ് തുടങ്ങി പലതരം മീഡിയത്തിൽ ഒരുപാട് തവണ കണ്ടവരാണ്. അങ്ങനെയുള്ളവർക്ക് പോലും ബിഗ് സ്‌ക്രീനിൽ കാണുന്നത് ഒരു എക്സ്‌പീരിയൻസ് തന്നെ ആയിരിക്കും. എക്കാലത്തെയും എന്റെ വലിയ ഫേവറൈറ്റ് പടം ഒന്നുമായിരുന്നില്ല സ്‌ഫടികം, മണിച്ചിത്രത്താഴും തേൻമാവിൻ കൊമ്പത്തും കിലുക്കവുമെല്ലാം കഴിഞ്ഞാൽ കൂടുതൽ ഇഷ്ടം ആറാം തമ്പുരാനും രാവണപ്രഭുവും നരസിംഹവും പോലുള്ള പക്കാ കമെർഷ്യൽ ചിത്രങ്ങളായിരുന്നു.
പക്ഷെ ഇന്ന് ഒരൊറ്റ സ്‌ട്രെച്ചിൽ സ്‌ഫടികം ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ കിട്ടിയ ഒരു ഇമോഷണൽ ഫീൽ ഉണ്ട്, അതെനിക്ക് ഇന്നുവരെ ഈ ചിത്രം കണ്ടിട്ട് ഈ ലെവലിൽ അനുഭവപ്പെട്ടിട്ടില്ല. അതുതന്നെയാണ് പലരും പറയുന്ന ആ ബിഗ് സ്ക്രീൻ എക്സ്പീരിയൻസ് നമുക്ക് തരുന്ന മാറ്റം.
സിൽക്ക് സ്മിതയെയൊക്കെ എന്ത് ഭംഗിയാണ് ഈ ക്വാളിറ്റിയിൽ കാണാൻ. തിലകന്റെയും ലാലേട്ടന്റെയും കോമ്പിനേഷൻ സീനുകൾക്ക് ബിഗ് സ്‌ക്രീനിൽ കാണാൻ വേണ്ടി മാത്രം ഒന്നുകൂടി ചിത്രം കാണാം. തിലകൻ, നെടുമുടി വേണു, രാജൻ പി ദേവ്, kpsc ലളിത, എൻ എഫ് വർഗീസ് തുടങ്ങി ഒന്നിനൊന്നു തകർത്ത് അഭിനയിച്ചിട്ടുള്ള ഒരുപാടുപേരുടെ സംഗമം, അപ്പോഴും വിഷമം തോന്നിയത് ഇവരെയെല്ലാം നമുക്ക് നഷ്ടമായല്ലോ എന്ന ഓർമപ്പെടുത്തലാണ്.
സ്‌ഫടികം മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു തിയേറ്റർ എക്സ്പീരിയൻസാണ്. അത് മോഹൻലാൽ ആരാധകരെന്നോ മമ്മൂട്ടി ആരാധകരെന്നോ ഒന്നുമില്ല, ആ കാലത്ത് ചെയ്ത ഒരു സിനിമയുടെ പേരിൽ നിന്നും ഭദ്രനെ പോലെ ഒരു സംവിധായകൻ അഭിമാനം കൊള്ളുന്നുണ്ടെങ്കിൽ അത് വെറുതെയല്ല എന്നത് ഈ ചിത്രം ബിഗ് സ്‌ക്രീനിൽ കൂടി കണ്ടാൽ ആർക്കും ബോധ്യമാകും.
ഇതിൽ ഭദ്രൻ സർ ചെയ്തു വെച്ചിരിക്കുന്നത് ബിഗ് സ്‌ക്രീനിൽ കാണുമ്പോഴാണ് നമുക്ക് ഫുൾ എക്സ്റ്റൻഡിൽ ആ ഫീൽ കിട്ടുന്നത്. കൂടുതൽ കൂടുതൽ മലയാളചിത്രങ്ങൾ നല്ല ക്വാളിറ്റിയിൽ റീ മാസ്റ്റർ ചെയ്ത് ഇറങ്ങട്ടെ, അത് ബിഗ്സ്ക്രീനിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. മണിച്ചിത്രത്താഴും തേൻമാവിൻ കൊമ്പത്തും കിലുക്കവും യോദ്ധയും ആറാം തമ്പുരാനും എല്ലാം വരട്ടെ