പാകിസ്ഥാൻ്റെ മൂന്ന് വ്യോമ താവളങ്ങളില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമ ത്താവളത്തില്‍ അടക്കമാണ് സ്‌ഫോടനമുണ്ടായത്. പാക് സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ യാത്രാ, വാണിജ്യ വിമാനങ്ങള്‍ക്കുമുള്ള ആകാശപാത പാകിസ്ഥാന്‍ അടച്ചു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. പാക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡയകളിലും നിരവധി സ്‌ഫോടന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിൻ്റെ ആധികാരികത ഉറപ്പായിട്ടില്ല. സൈനിക പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കെയാണ് ഉഗ്രശബ്ദത്തിലുള്ള തുടര്‍ സ്‌ഫോടനങ്ങ ൾ ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മുമ്പ് ചക്ലാല വ്യോമത്താവളം എന്നറിയപ്പെട്ടിരുന്ന നൂര്‍ ഖാന്‍, പാക് സൈന്യത്തിൻ്റെ തന്ത്രപ്രധാന കേന്ദ്രമാണ്. വ്യോമ താവളത്തിന് പുറമെ വിഐപികളുടെ ഗതാഗത കേന്ദ്രവുമാണ്. ചക്വാല്‍ നഗരത്തിലെ മുരീദ് വ്യോമത്താവളം, പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ജില്ലയിലുള്ള റഫീഖി വ്യോമ താവളം എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.























