ഒരു മാസത്തിലേറെയായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യനില വഷളായതിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. നവംബർ 26നാണ് അദ്ദേഹത്തിൻ്റെ മരണം വരെയുള്ള നിരാഹാരം ആരംഭിച്ചത്. ദല്ലേവാളിന് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പഞ്ചാബ് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
ക്രമസമാധാന പ്രശ്‌നമുണ്ടായാൽ അത് ഇരുമ്പ് കൈകൊണ്ട് നേരിടണം. ആരുടെയെങ്കിലും ജീവൻ അപകടത്തിലാണ് എങ്കിൽ നിങ്ങൾ അത് ഗൗരവമായി കാണണം. വൈദ്യസഹായം നൽകണം. നിങ്ങൾ അത് പാലിക്കുന്നില്ല എന്ന ധാരണയാണ്.” -ബെഞ്ച് പറഞ്ഞു.
മുൻ ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും (ഡിജിപി) എതിരായ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചു.
കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 28നകം കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് സർക്കാരിനോട് കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വാദം കേൾക്കുമ്പോൾ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
ദല്ലെവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കാൻ എട്ട് ക്യാബിനറ്റ് മന്ത്രിമാരും പഞ്ചാബ് ഡിജിപിയും അടങ്ങുന്ന സംഘം പ്രതിഷേധ സ്ഥലം സന്ദർശിച്ചിരുന്നുവെന്നും എന്നാൽ കർഷകർ അത് എതിർത്തുവെന്നും നടപടിക്രമങ്ങൾക്കിടെ പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിംഗ് കോടതിയെ അറിയിച്ചു.
പ്രധാനമന്ത്രി മോദിക്ക് ദല്ലേവാളിൻ്റെ കത്ത്
ഡിസംബർ 24ന് ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ ദല്ലേവാൾ അദ്ദേഹത്തെ അഭിസംബോധന ചെയ്‌ത ഒരു കത്ത് നൽകിയതായി പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
കർഷകരുമായി സർക്കാർ ചർച്ച നടത്തിയാൽ മാത്രമേ വൈദ്യസഹായവുമായി സഹകരിക്കാൻ തയ്യാറാവുകയുള്ളൂവെന്ന് ദല്ലേവാൾ കത്തിൽ വ്യക്തമാക്കി.
ദല്ലേവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡിസംബർ 20ന് സുപ്രീം കോടതി പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും വിട്ടു.
70 -കാരനായ ദല്ലേവാളിനെ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിൽ പ്രതിഷേധ സ്ഥലത്തിന് 700 മീറ്റർ പരിധിയിൽ സജ്ജീകരിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞിരുന്നു.
തങ്ങളുടെ വിളകൾക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് (എം.എസ്.പി) നിയമപരമായ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന വലിയ പ്രതിഷേധത്തിൻ്റെ ഭാഗമാണ് ഒരു മാസം മുമ്പ് ആരംഭിച്ച ദല്ലേവാളിൻ്റെ ഉപവാസം. സംയുക്ത കിസാൻ മോർച്ച കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.