2014നും 2022നുമിടയിൽ ഇന്ത്യയിൽ കർഷക ആത്മഹത്യകൾ കൂടിയതായി റിപ്പോർട്ട്. ഇക്കാലയളവിൽ ഒരു ലക്ഷത്തിലധികം കർഷകരാണ് ജീവനൊടുക്കിയത്. ഒൻപത് വർഷത്തിനിടെ ഓരോ ദിവസവും ശരാശരി 30 കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് വ്യക്തമാക്കുന്നു.
2014 ൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷമാണ് കർഷക ആത്മഹത്യകളിൽ വർധനവ്. ഒന്നാം മോദി സർക്കാരിന്റെ അവസാന പാദത്തിൽ 10,281 കർഷകരാണ് ആത്മഹത്യ ചെയ്തത്. രണ്ടാം പാദത്തിൽ 2022 ആകുമ്പഴേക്കും ഇത് 11,290 ആയി ഉയർന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ആത്മഹത്യ നിരക്ക് 4,324 ൽനിന്ന് 6,083 ലേക്ക് ഉയർന്നു. അതായത് 41% വർധന. സംസ്ഥാനങ്ങളുടെ നിരക്കെടുത്താൽ വിദർഭ, മറാത്ത്‌വാഡ എന്നീ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മഹാരാഷ്ട്രയാണ് ഏറ്റവും മോശം അവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചത്.
കടബാധ്യതയുള്ള കർഷകരുടെ കണക്ക് പരിശോധിച്ചാൽ, 2013-ൽ 52 ശതമാനമായിരുന്നത് 2019-ൽ 50.2 ശതമാനമായി കുറഞ്ഞുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ പരിശോധിക്കുമ്പോൾ കർഷകരുടെ കടബാധ്യതയിൽ പ്രകടമായ വർധനവ് കണ്ടെത്താൻ സാധിക്കും. ഇക്കാലയളവിൽ കടമുള്ള കർഷകരുടെ എണ്ണം 902 ലക്ഷത്തിൽനിന്ന് 930 ലക്ഷമായി ഉയർന്നു. കൂടാതെ, കുടിശ്ശികയുള്ള വായ്പയുടെ ശരാശരി തുക 2013 നെ അപേക്ഷിച്ച് ഏകദേശം 1.6 മടങ്ങ് വർധിച്ചു.
എന്നാൽ മോദി സർക്കാരിന് കീഴിൽ ഒരു കർഷകൻ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് ബിജെപിയുടെ അവകാശ വാദം. കഴിഞ്ഞ എട്ട് വർഷത്തിനിടെ കർഷകരെ ആത്മഹത്യയെക്കുറിച്ച് പ്രതിപക്ഷം അടക്കം ആരും സംസാരിച്ചിട്ടില്ലെന്നും അതിനർഥം ആത്മഹത്യകൾ നടക്കുന്നില്ലെന്ന് തന്നെയാണെന്നാണ് ബിജെപിയുടെ വാദം.























