| ശ്രീകാന്ത് പികെ
എം.എ ബേബി പാർടിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 23 വയസ്സായിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് മുന്നേ 21 വയസ്സിൽ എസ്.എഫ്.ഐയുടെ കേരള സംസ്ഥാന പ്രസിഡന്റ്. അതിനും ഒരു വർഷം മുന്നേ 20 വയസ്സിൽ എസ്.എഫ്.ഐയുടെ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.
ഈ സ്ഥാനങ്ങളിലെത്തുമ്പോഴുള്ള കേവലം പ്രായക്കുറവ് പ്രതിഫലിപ്പിക്കാൻ വേണ്ടി മാത്രമല്ല, ആ സ്ഥാനം അദ്ദേഹം കൈയ്യാളുമ്പോഴുള്ള കാലത്തിന് വലിയ പ്രത്യേകതയുണ്ട്. അടിയന്തരാവസ്ഥ എന്ന അർദ്ധ ഫാസിസ്റ്റ് കാലം. കൊടും വേട്ടയാടലുകളും കൊടിയ മർദ്ദനങ്ങളും പാർടി സഖാക്കൾ അനുഭവിക്കുന്ന കാലം, കലാലയങ്ങളും തെരുവുകളും ജനാധിപത്യ പ്രക്ഷോഭങ്ങളാൽ പ്രക്ഷുബ്ദമായിരുന്ന ആ കാലത്താണ് ആ ചെറിയ പ്രായത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരത്തും പാർടിയുടെ ജില്ലാ കമ്മിറ്റിയിലും എം എ ബേബി എത്തുന്നത്. പിന്നീട് 35 – ആം വയസ്സിൽ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിൽ.
എമ്പുരാൻ സിനിമയുടെ പ്രമോഷന്റെ സമയത്ത് നടൻ പൃഥ്വിരാജ് ‘ലൂസിഫർ’ സിനിമാ ചിത്രീകരണ സമയത്തെ ഒരു അനുഭവം വിവരിക്കുന്നുണ്ട്. ലൂസിഫർ സിനിമയുടെ ക്ലൈമാക്സ് ദുബായിലായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം ചില പ്രയാസങ്ങൾ കാരണം അത് മുടങ്ങുകയും, ഒടുവിൽ റഷ്യയിൽ ചിത്രീകരണം നടത്താനുള്ള സാധ്യത അന്വേഷിക്കുകയും ചെയ്തു. അതിന്റെ ആവശ്യങ്ങൾക്കായി റഷ്യയിലേക്ക് പെട്ടെന്ന് പോകാൻ ഒരു ദിവസം കൊണ്ട് തന്നെ വിസ ലഭിച്ചെന്നും, അതിനായി സഹായിച്ചത് കേരളത്തിലെ എം.എ ബേബി എന്ന ഒരു പ്രധാന പൊളിറ്റീഷ്യൻ ആണെന്നും പൃഥ്വിരാജ് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിനോട് പറയുന്നുണ്ട്.
ആ വീഡിയോക്ക് താഴെ പലരും അത്ഭുതപ്പെട്ടും പരിഹസിച്ചും കമന്റ് ചെയ്തത് കണ്ടിരുന്നു. ഈ കാലത്ത് ചാനൽ ക്യാമറകൾക്ക് മുന്നിൽ ആഗ്രസീവായി പ്രത്യക്ഷപെടാത്തത് കൊണ്ടാകാം, അത്തരം നേതാക്കളുടെ ഇൻഫ്ലുവൻസിനെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും പലർക്കും അവിശ്വസനീയമായി തോന്നാൻ കാരണം. കേന്ദ്രകമ്മിറ്റി തീരുമാന പ്രകാരം സംഘടനാ പരിഷ്‌കരണത്തിന്റെ ഭാഗമായി മൂന്ന് പ്രധാനപ്പെട്ട ഉപദേശക സമിതിയുടെ ചുമതല എം. എ ബേബി നിർവ്വഹിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിദേശ കാര്യ വിഭാഗത്തിന്റെ ചുമതല. ഏറെ കാലം മുന്നേ തന്നെ സോവിയറ്റ് യൂണിയനും ഇന്നത്തെ റഷ്യയും മുതൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായി വരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ട്.
സി.പി.ഐ.എമ്മിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 18 അംഗ പോളിറ്റ് ബ്യൂറോയിൽ 5 പേര് അഖിലേന്ത്യാ കിസാൻ സഭയുടെ ബാക്ക് ഗ്രൗണ്ടിൽ നിന്നാണ്. രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ ബിജെപി ഭരണകൂടത്തിന് ഏറ്റവുമധികം തലവേദനയും പ്രതിരോധവും സൃഷ്ടിച്ച കർഷക സമരങ്ങൾ മുന്നിൽ നിന്ന് നയിച്ച നേതാക്കൾ. പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലുമായി കിസാൻ സഭയിൽ നിന്നും ട്രെയ്ഡ് യൂണിയൻ പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി പേരുണ്ട്. പാർടി ലീഡർഷിപ്പിലും അതിന്റെ വർക്കിങ് ക്ലാസ് ബേസ് കൂടുതൽ വർദ്ധിപ്പിക്കുന്നു.
ആർ.എസ്.എസ് നയിക്കുന്ന ബിജെപിയുടെ അക്രമണോത്സക ഹിന്ദുത്വയും കോർപ്പറേറ്റിസവും സംയോജിപ്പിച്ചു കൊണ്ടുള്ള നിയോ ഫാസിസ്റ്റ് ഭരണകൂടതെ നേരിടാൻ സാധിക്കുന്നത് രാജ്യത്തെ 99% വരുന്ന തൊഴിലാളി വർഗ്ഗത്തിന് മാത്രമാണ്. പാർലിമെന്റിലെ അംഗങ്ങളുടെ എണ്ണത്തിന്റെ കണക്കിലല്ല, പ്രത്യയശാസ്ത്രപരമായും പ്രായോഗികതയിലും സംഘപരിവാറിന്റെ രാഷ്ട്രീയവും – സാമ്പത്തികവും – സാംസ്‌കാരികവുമായ അടിത്തറ തകർക്കുക എന്നത് മാത്രമാണ് ഹിന്ദുത്വ ഫാസിസത്തെ നേരിടാനുള്ള ഒരേയൊരു പോംവഴി.
അതിനായി വർഗ്ഗീയമായി വിഭജിച്ച രാജ്യത്തെ അസംഘടിത തൊഴിലാളികളെ വർഗ്ഗപരമായി സംഘടിപ്പിക്കുക എന്ന വലിയ കർത്തവ്യമാണ് പാർടിയുടെ മുന്നിലുള്ളത്. ജർമ്മനിയിലാകട്ടെ, ഇറ്റലിയിലാകട്ടെ ചരിത്രത്തിലെവിടെയും ഫാസിസം പരാജയപ്പെട്ടത് കമ്യൂണിസ്റ്റുകൾക്ക് മുന്നിലാണ്. ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയിലും അത് സംഭവിക്കുക തന്നെ ചെയ്യും.