ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. 2024 നവംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്തിൻ്റെ ജനസംഖ്യ 145.56 കോടിയാണ്. ഇന്ത്യയിലെ ജനസംഖ്യ ചൈനയെ മറികടന്നതോടെ ആഗോള ജനസംഖ്യാ ചരിത്രത്തില്‍ വലിയൊരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. എങ്കിലും രാജ്യത്ത് പ്രത്യുത്പാദനനിരക്കില്‍ ശ്രദ്ധേയമായ ഇടിവ് നേരിടുന്നുണ്ട്. അതിന് ഗുണങ്ങളുണ്ടെങ്കിലും ഭാവിയില്‍ ചില പ്രത്യാഘാതങ്ങളും കാത്തിരിക്കുന്നുണ്ട്.
പ്രത്യുത്പാദനനിരക്കിലെ ഇടിവ്: ആഗോള, ദേശീയ പ്രവണത
1950ല്‍ 250 കോടിയായിരുന്ന ആഗോള ജനസംഖ്യ ഇപ്പോള്‍ 800 കോടി കടന്നിരിക്കുകയാണ്. ജനസംഖ്യ വര്‍ധിക്കുന്നത് ഒരു അനുഗ്രഹമാണോ അതോ ദോഷമാണോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ലോകമെമ്പാടും ജനനനിരക്കിലെ ഇടിവ് കൂടുതല്‍ പ്രകടമായി കൊണ്ടിരിക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 1950ല്‍ ഒരു സ്ത്രീക്ക് 6.2 കുട്ടികള്‍ എന്ന് രേഖപ്പെടുത്തിയിരുന്ന ഇന്ത്യയുടെ പ്രത്യുത്പാദന നിരക്ക് ഇപ്പോള്‍ രണ്ടില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ്. നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും ഇത് 1.3 ആയി ചുരങ്ങും. ഇത് രാജ്യത്തിൻ്റെ ജനസംഖ്യാപരമായ രൂപരേഖയില്‍ വലിയൊരു മാറ്റം അടയാളപ്പെടുത്തുമെന്ന് കരുതുന്നു.
ഒരു സ്ത്രീയുടെ പ്രത്യുത്പാദനനിരക്ക് 2.1 ശതമാനത്തിന് താഴെയായാല്‍ കാലക്രമേണ രാജ്യത്തിൻ്റെ ജനസംഖ്യ ചുരുങ്ങാന്‍ തുടങ്ങും. ഈ പ്രതിഭാസം ഇന്ത്യയില്‍ മാത്രമല്ല സംഭവിക്കുന്നത്. 2025 ആകുമ്പോഴോക്കും ആഗോള പ്രതുത്പാദനനിക്ക് 1.8 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. 2100 ആകുമ്പോഴേക്കും ഇത് 1.6 ആയി കുറയും. ജനസംഖ്യയിലെ മാറ്റം സാമ്പത്തിക വളര്‍ച്ച, സാമൂഹിക സ്ഥിരത, തൊഴില്‍ രംഗം എന്നിവയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് ഈ ഇടിവ് വെല്ലുവിളികളുടെയും അവസരങ്ങളുടെയും സമ്മിശ്ര ഫലങ്ങളായിരിക്കും സമ്മാനിക്കുക.
ഇന്ത്യന്‍ ജനസംഖ്യയുടെ മാറുന്ന മുഖം
ഇന്ത്യയുടെ ജനസംഖ്യ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2021ല്‍ രാജ്യത്ത് രണ്ട് കോടി കുട്ടികളാണ് ജനിച്ചത്. 2050 ആകുമ്പോഴേക്കും ഇത് 1.3 കോടിയായി കുറയുമെന്നാണ് പ്രവചനങ്ങള്‍. ഈ മാറ്റങ്ങള്‍ ഉണ്ടായിരുന്നിട്ടും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രത്യുത്പാദന നിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളിലും വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും കാര്യമായ വെല്ലുവിളികള്‍ ഉണ്ടായേക്കും.
ഇന്ത്യയില്‍ കൂടിയ പ്രത്യുത്പാദന നിരക്കില്‍ നിന്ന് കുറഞ്ഞ നിരക്കിലേക്കുള്ള മാറ്റത്തെ സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ സ്വാധീനിക്കും. വിവാഹപ്രായം ഉയരുന്നത്, കൂടുതല്‍ ആളുകളിലേക്ക് വിദ്യാഭ്യാസവും കുടുംബാസൂത്രണവും എത്തിച്ചേരുന്നത്, തൊഴിലിൻ്റെയും സാമ്പത്തിക സ്ഥിരതയുടെയും കാര്യത്തിലുള്ള മുന്‍ഗണനകള്‍ മാറുന്നത് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നഗരപ്രദേശങ്ങളിലുള്ള സ്ത്രീകള്‍ക്ക് കുട്ടികള്‍ കുറവാണ്. വൈകിയുള്ള വിവാഹവും കരിയറിലും വ്യക്തിഗത വികസനത്തിനും പ്രാധാന്യം കൊടുക്കുന്നതുമാണ് ഇതിനുള്ള കാരണങ്ങള്‍. ഈ പ്രവണതകള്‍ തുടരാനാണ് സാധ്യത. ഇത് അടുത്ത ഏതാനും പതിറ്റാണ്ടുകളില്‍ രാജ്യത്തിൻ്റെ ജനസംഖ്യാ ഘടനയെ മാറ്റിമറിക്കും.
പ്രത്യുത്പാദന നിരക്ക് കുറയുന്നതിൻ്റെ പ്രയോജനങ്ങള്‍
പ്രത്യുത്പാദ നിരക്ക് കുറയുന്നത് ഒരു വെല്ലുവിളിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ജനസംഖ്യാപരമായ മാറ്റത്തില്‍ അതിന് നിരവധി ഗുണങ്ങളുമുണ്ട്. വിഭവങ്ങളുടെ ഉപയോഗത്തിലും ജീവിതനിലവാരത്തിലും വലിയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യുത്പാദന നിരക്ക് കുറയുന്നത് കൂടുതല്‍ നിയന്ത്രിക്കപ്പെടാവുന്ന ജനസംഖ്യാ വളര്‍ച്ചയിലേക്ക നയിക്കുന്നു.
ഭക്ഷണം, വെള്ളം, ഊര്‍ജം തുടങ്ങിയ വിഭവങ്ങളുടെ ക്ഷാമം കുറയ്ക്കുന്നു. പിന്തുണ ആവശ്യമുള്ള കുട്ടികളുടെ എണ്ണം കുറയുന്നതിനാല്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞേക്കും. ഇത് ജനങ്ങളുടെ ജീവിതനിവാരം മെച്ചപ്പെടുത്തും.
പ്രത്യുത്പാദന നിരക്ക് കുറയുന്നത് സ്ത്രീകള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ കുറവുള്ള സ്ത്രീകള്‍ ശരാശരി കൂടുതല്‍ കാലം ജീവിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഒരു കുട്ടി മാത്രമുള്ള സ്ത്രീകള്‍ വലിയ കുടുംബങ്ങളുള്ളവരേക്കാള്‍ ആറ് വര്‍ഷം കൂടുതല്‍ ജീവിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നത് കൂടാതെ കുറഞ്ഞ പ്രത്യുത്പാദന നിരക്ക് പലപ്പോഴും സ്ത്രീകളുടെ മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമ്മയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനോടൊപ്പം കുറഞ്ഞ ശിശുമരണനിരക്കും രേഖപ്പെടുത്തും.
ജനസംഖ്യ കുറയുന്നത് വിഭവങ്ങളുടെ ഉപയോഗത്തിലും നേരിട്ട് സ്വാധീനം ചെലുത്തും. കുറച്ച് ആളുകള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ നല്‍കാന്‍ കഴിയും. സമ്പദ്ഘടനയുടെ അടിസ്ഥാന സൗകര്യങ്ങളിലും വികസന പദ്ധതികളിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയും. ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൂടുതല്‍ സുസ്ഥിരമായ വളര്‍ച്ച സൃഷ്ടിക്കുന്നു.
ജനസംഖ്യ കുറയുന്നതിലെ അപകട സാധ്യതള്‍
ജനസംഖ്യ കുറയുന്നത് വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. പ്രായമായവരുടെ ജനസംഖ്യ വര്‍ധിക്കുന്നതാണ് ഇതിലെ പ്രധാന ആശങ്ക. പ്രത്യുത്പാദന നിക്ക് കുറയുന്നതിന് അനുസരിച്ച് സമൂഹത്തിലെ യുവാക്കളുടെ അനുപാതം കുറയുന്നു. ഈ മാറ്റം ജോലി ചെയ്യുന്ന പ്രായത്തിലുള്ള വ്യക്തികളുടെ എണ്ണം കുറയാനും തൊഴില്‍ വിപണിയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനും ഇടയാക്കും. കൂടാതെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍ ബുദ്ധിമുട്ടിനും കാരണമായേക്കാം. ഇന്ത്യ ഉള്‍പ്പെടെയുള്ള ജനസംഖ്യ കുറയുന്ന രാജ്യങ്ങളില്‍ മുതിര്‍ന്ന തലമുറയെ പിന്തുണയ്ക്കാന്‍ വേണ്ടത്ര യുവാക്കള്‍ ഇല്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടും.
ആഗോള തലത്തിലെ പ്രവണത
പ്രത്യുത്പാദനിരക്ക് കുറയുന്നത് ഇന്ത്യയിലെ മാത്രം പ്രവണതയല്ല. അത് ആഗോളതലത്തിലും ദൃശ്യമാണ്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പ്രത്യുത്പാദനിരക്ക് കുറയുന്നത് തൊഴില്‍ ശക്തി ചുരുങ്ങുന്നതിന്റെയും പ്രായമായവരുടെ ജനസംഖ്യ വര്‍ധിക്കുന്നതിൻ്റെയും വെല്ലുവിളികള്‍ മുന്നോട്ട് വയ്ക്കുന്നു. അതേസമയം, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്. അവിടുത്തെ ഉയര്‍ന്ന പ്രത്യുത്പാദനിരക്ക് അടിസ്ഥാന സൗകര്യങ്ങളിലും വിഭവങ്ങളുടെ നീക്കിയിരിപ്പിലും കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ജനനനിരക്ക് വര്‍ധിക്കുന്നത് ആരോഗ്യ വെല്ലുവിളികള്‍, വിഭവങ്ങളുടെ പങ്കുവയ്ക്കല്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയില്‍ സമ്മര്‍ദം വര്‍ധിപ്പിക്കും.























