കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എഡിഎം കെ.നവീന്‍ ബാബുവിൻ്റെ മരണത്തില്‍ പിപി ദിവ്യക്കെതിരായ കേസന്വേഷണത്തിൻ്റെ മേല്‍നോട്ട ചുമതല രത്‌നകുമാറിന് ആയിരുന്നു. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് മത്സരിക്കുക.
വിഷയത്തില്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നുണ്ട്. പൊലീസിനെ രാഷ്ട്രീയ വത്ക്കരിച്ചുവെന്ന് യുഡിഎഫ് നേതാവ് പിടി മാത്യു വിമര്‍ശിച്ചു. പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങള്‍ ശരിയായി. നവീന്‍ ബാബു കേസ് പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചു.
രത്‌നകുമാറിൻ്റെ സ്ഥാനാര്‍ഥിത്വം കേസ് അട്ടിമറിക്കുന്നതാണ് തെളിയിക്കുന്നത്. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റായ സഹായം ചെയ്‌തതിനുള്ള പ്രതിഫലം. നീതിന്യായ വ്യവസ്ഥയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുന്ന സമീപനം. തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു മരണം ചര്‍ച്ചയാകും- അദ്ദേഹം പറഞ്ഞു.
പൊലീസിനെ രാഷ്ട്രീയ വത്ക്കരിച്ചതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് രത്‌നകുമാറിൻ്റെ സ്ഥാനാര്‍ഥിത്വമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. വിരമിച്ച് രണ്ടുമാസം കൊണ്ട് സിപിഐഎം സ്ഥാനാര്‍ഥി എന്നതില്‍ എല്ലാം ഉണ്ട്. പ്രതിപക്ഷത്തിൻ്റെ മുഴുവന്‍ ആരോപണങ്ങളും ശരിയായി. തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു വിഷയം ചര്‍ച്ചയാകും -അദ്ദേഹം പറഞ്ഞു.
-വാർത്ത ഫോട്ടോ ക്രെഡിറ്റ്: ട്വന്റിഫോർ വാർത്ത മലയാളം























