പിഎസ്‌സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നീട്ടി. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആണ് സംസ്ഥാന സർക്കാരിന്‍റെ സുപ്രധാന നീക്കം.
നിലവിൽ 36 വയസായിരുന്നു പിഎസിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. ജനറൽ വിഭാഗത്തിന് ഇത് 40 വയസായി ഉയർത്തി. എസ്.സി,|എസ്.ടി വിഭാഗത്തിന് 45 വയസായും ഒബിസി വിഭാഗത്തിന് 43 വയസായുമാണ് ഉയർത്തിയത്.
ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭാ തീരുമാനത്തില്‍ ധാരണയായി. 1947ന് മുമ്പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമെ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂവെന്ന നിബന്ധന അശാസ്ത്രീയമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. അതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിനും സഹായകരമായ രേഖയായി പരിഗണിക്കും.
വില്ലേജ് ഓഫിസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തില്‍ ജാതി/ സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. 1947 എന്ന വര്‍ഷം ജാതി/ സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടത് ഇല്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.























