കാസര്‍കോട്, ഉപ്പളയില്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ അറസ്റ്റിലായ കൊള്ളത്തലവന്‍ ജയിലിലായി. തമിഴ്‌നാട് ട്രിച്ചി രാംജിനഗര്‍ ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണനെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഡി.വൈ.എസ്.പി സികെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ.അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
2024 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ വാഹനത്തില്‍ നിന്നാണ് പട്ടാപ്പകല്‍ പണം കവര്‍ന്നത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘം സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്.
കവര്‍ച്ച ആസൂത്രണം ചെയ്‌ത സംഘത്തലവനായ കാര്‍വണനും മറ്റൊരു പ്രതിയും സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടില്‍ വേഷം മാറിയെത്തി താമസിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാര്‍വർണനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാഹസികമായി കീഴടക്കുകയായിരുന്നു.
സംഘാംഗമായ മുത്തര്‍കുമാരനെ മഞ്ചേശ്വരം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ സംഘത്തലവനായ കാര്‍വര്‍ണനും കൂട്ടുപ്രതിയും വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് കാര്‍വര്‍ണനെ വിശദമായി ചോദ്യം ചെയ്‌തു.