ഇസ്രായേല്‍-ഹമാസ് യുദ്ധത്തിൽ ഉടനടി മാനുഷിക വെടിനിര്‍ത്തലും ബന്ദികളെ നിരുപാധികം മോചിപ്പിക്കാനും ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു.ചൊവ്വാഴ്ച യു എൻ സഭയില്‍ നടന്ന 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയിലെ അടിയന്തര സെഷനില്‍ ഈജിപ്ത് അവതരിപ്പിച്ച കരട് പ്രമേയം അംഗീകരിച്ചു. ഈ പ്രമേയം 153 പേര്‍ അനുകൂലിച്ചപ്പോള്‍ 23 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും 10 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വലിയ രീതിയിലുള്ള മാനുഷിക പ്രതിസന്ധിയും വലിയ തോതില്‍ മനുഷ്യജീവനുകളുടെ നഷ്ടവും ഇവിടെ നടക്കുന്നുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഭീകരാക്രമണം നടന്നിരുന്നു, അക്കാലത്ത് ബന്ദികളാക്കിയവരെക്കുറിച്ചുള്ള ആശങ്കയും ഉണ്ടായിരുന്നു. വലിയ മാനുഷിക പ്രതിസന്ധിയും സിവില്‍ ജീവിതങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും വലിയ തോതിലുള്ള നഷ്ടവും ഉണ്ട്.
എല്ലാ വിധ സാഹചര്യങ്ങളിലും അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയന്‍ നിയമം പാലിക്കുന്ന പ്രശ്‌നമുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പലസ്തീന്‍ പ്രശ്‌നത്തിന് സമാധാനപരവും ശാശ്വതവുമായ ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്, രുചിര കംബോജ് പറഞ്ഞു. അള്‍ജീരിയ, ബഹ്റൈന്‍, ഇറാഖ്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത പ്രമേയം, സാധാരണക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാസയില്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയും എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.























