കൊച്ചി: മലയാള സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വി ജി.അരുണിൻ്റെ ബെഞ്ച് തള്ളിയത്.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മിറ്റി നൽകിയ ഉറപ്പിൻ്റെയും ലംഘനമാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ആരോപണ വിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, വിവരാവകാശ കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് കേസിൽ കക്ഷി ചേർന്ന സംസ്ഥാന വനിതാ കമ്മീഷനും ‘വിമൻ ഇൻ സിനിമ കലക്ടിവും’ ആവശ്യപ്പെട്ടത്.
വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്. വിമൻ ഇൻ കളക്ടീവും വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.























