കണ്ണൂര്‍: സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുകയാണ് സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ നടന്ന തട്ടിപ്പ്. കോടികളാണ് പ്രതി അനന്തുകൃഷ്‌ണൻ തട്ടിയത്. പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്‌തുള്ള തട്ടിപ്പിൽ കണ്ണൂരിൽ മാത്രം രണ്ടായിരത്തോളം പരാതികൾ.
രണ്ട് വർഷം മുമ്പ് ജില്ലയിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയാണ് കോടികൾ സമാഹരിച്ചത്. പ്രൊമോട്ടർമാരും തട്ടിപ്പിൽ പെട്ടുപോയിട്ടുണ്ടാകും എന്നാണ് പൊലീസ് പറയുന്നത്.കണ്ണൂർ ബ്ലോക്കിൽ 494 പേരിൽ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്‌ണൻ ഉള്‍പ്പെടെ ഏഴ് പ്രതികളാണുള്ള്.
പണ സമാഹരണത്തിന് സീഡ് സൊസൈറ്റി
തൊടുപുഴ സ്വദേശി അനന്തുകൃഷ്‌ണനാണ് സന്നദ്ധകൂട്ടായ്‌മ രൂപീകരിച്ച് പദ്ധതിയുമായി രംഗത്തെത്തിയിരുന്നത്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു അനന്തുകൃഷ്‌ണൻ പണസമാഹരണം നടത്തിയത്. സംസ്ഥാനത്തെമ്പാടും 62 സീഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. സ്ത്രീകളുടെ സ്വാശ്രയ ഗ്രൂപ്പുകളാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ. തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാഗ്ദാനം ചെയ്‌തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തത്. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ആദ്യം പണമിരട്ടിപ്പ്, 2018ൽ എൻജിഒ
അനന്തുകൃഷ്‌ണൻ പണ്ട് മുതലേ സമാനമായ തട്ടിപ്പ് പരിപാടികൾ നടത്തിയിരുന്നുവെന്നാണ് പറയുന്നത്. ആദ്യം പണമിരട്ടിപ്പ് പരിപാടിയാണ് അനന്തുകൃഷ്‌ണൻ നടത്തിയിരുന്നത്. 2018ലാണ് അനന്തുകൃഷ്‌ണൻ എൻജിഒ ആരംഭിക്കുന്നത്. മുവാറ്റുപുവ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെൻ്റെൽ സൊസൈറ്റി എന്ന പേരിലായിരുന്നു എൻജിഒ ആരംഭിക്കുന്നത്. ശേഷം സഹോദരസ്ഥാപനം മറ്റൊരു സ്ഥാപനവും ആരംഭിച്ചു. പിന്നാലെയാണ് സീഡ് സൊസൈറ്റികൾ ആരംഭിച്ചത്. 62 സീഡ് സൊസൈറ്റികളിലും കോർഡിനേറ്റർമാരുണ്ടായിരുന്നു.
സിഎസ്ആർ ഫണ്ട് മുഖേനേ പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യൽ മെഷീൻ
സിഎസ്ആർ ഫണ്ട് മുഖേനേ അമ്പത് ശതമാനം ഡിസ്കൗണ്ടിൽ സ്‌കൂട്ടറും തയ്യൽ മെഷീനും വാഗ്ദാനം ചെയ്‌തായിരുന്നു അനന്തുകൃഷ്‌ണൻ്റെ തട്ടിപ്പ്. തട്ടിപ്പിൽ ഏറെയും വീണത് സ്ത്രീകളാണ്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ 98 സ്ത്രീകളാണ് പരാതിയുമായെത്തിയത്. നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനൽ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിൻ്റെ തട്ടിപ്പ്.
സ്വന്തം പേരിൽ വിവിധ കൺസൾട്ടൻസികൾ ഉണ്ടാക്കി അതിൻ്റ പേരിലാണ് ഇടപാടുകൾ നടത്തിയത്. വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനത്തിൽ വീണവർ അനന്തുകൃഷ്‌ണന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.
തട്ടിയത് കോടികൾ, വാങ്ങിക്കൂട്ടി ഭൂസ്വത്ത്
വിവിധ പദ്ധതികളുടെ പേരിൽ 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് വിവരം. പ്രതി അനന്തുകൃഷ്‌ണൻ സമാഹരിച്ചത് 350 കോടിയിലേറെ രൂപയാണ്. അക്കൗണ്ടിൽ ഉണ്ടായിരുന്ന 3.25 കോടി രൂപ മരവിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം 15 കോടി രൂപയാണ് തട്ടിച്ചത്.
തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങി. വാങ്ങിയ സ്ഥലങ്ങൾ പോലീസ് കണ്ടെത്തി. സത്യസായി ട്രസ്റ്റിൻ്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്. കൊച്ചി ഇയ്യാട്ടുമുക്കിലെ ബാങ്ക് ശാഖയിലാണ് പ്രതി തട്ടിപ്പ് പണം നിക്ഷേപിക്കാൻ അക്കൗണ്ട് തുറന്നിരുന്നത്. കടലാസ് കമ്പനികളുടെ മറവിലെടുത്ത അക്കൗണ്ടിലൂടെ ആയിരുന്നു പണം ഇടപാടുകൾ.