കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയെന്ന സ്വപ്നം നമുക്കെല്ലാവർക്കുമുണ്ട്. എല്ലാവർക്കും അങ്ങനെയൊരു മുടി കിട്ടണമെന്നില്ല. പലരും നല്ല മുടിക്കായി വിവിധ തരത്തിലെ എണ്ണകളും ഹെയർ പ്രൊഡക്ടസും ഉപയോഗിക്കുന്നുണ്ട്.
തലയോട്ടിയിൽ നിങ്ങൾ എന്ത് പ്രയോഗിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ ശരീരത്തിന് എന്ത് നൽകുന്നു എന്നതും. അമിത സമ്മർദ്ദം, ഹോർമോണുകൾ, എന്നതു പോലെ ഭക്ഷണക്രമം മുടി വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നല്ല നീളമുള്ള ആരോഗ്യമുള്ള മുടിക്കായി ഈ ഭക്ഷണങ്ങൾ കഴിയ്ക്കാം.
മത്തങ്ങ വിത്തുകൾ: മത്തങ്ങ വിത്തുകൾ സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ആരോഗ്യമുള്ള തലമുടി ഉണ്ടാകാൻ സഹായിക്കും. പ്രത്യേകിച്ച് സിങ്ക്, തലയോട്ടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയായ സെബത്തിൻ്റെ ഉത്പാദനം സന്തുലിതമാക്കുന്നതിലൂടെ മുടിയിൽ ജലാംശം നിലനിർത്തുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടിയുടെെ ഫോളിക്കിൾ സെല്ലിന് ആവശ്യമായ ഡിഎൻഎ, ആർഎൻഎ എന്നിവയുടെ സമന്വയത്തിന് ഇത് നല്ലതാണ്. ദിവസവും ഒരു പിടി വറുത്ത മത്തങ്ങ വിത്തുകൾ കഴിക്കുന്നതിലൂടെ മുടിയിലെ പോഷകങ്ങൾ വർദ്ധിപ്പിക്കാം. ഉച്ചഭക്ഷണമായി ഇവ കഴിക്കാം.
ചീര ഇല: ചീര ഇല മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ കൂടുതലായി അടങ്ങിയ ഈ ഇലക്കറികൾ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്നു. തലയോട്ടിയിലെ പ്രകൃതിദത്ത കണ്ടീഷണറായ സെബത്തിൻ്റെ ഉത്പാദനത്തിനും വിറ്റാമിൻ എ സഹായിക്കുന്നു.
കറുത്ത എള്ള്: ആയുർവേദത്തിൽ മുടി കൊഴിച്ചിലിനും അകാല നരയ്ക്കും ചികിത്സയായി കറുത്ത എള്ള് ഉപയോഗിക്കുന്നു. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി 1, ശക്തമായ ആന്റി ഓക്‌സിഡന്റുകൾ എന്നിവയെല്ലാം അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശക്തമായ മുടി വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് കരുതപ്പെടുന്ന കരളിനെയും വൃക്കകളെയും അവ പിന്തുണയ്ക്കുന്നു. കൂടാതെ, എള്ളിലെ എണ്ണകൾ തലയോട്ടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും മുടിയുടെ വളർച്ചയ്ക്കും സഹായിക്കും.
എല്ല് സൂപ്പ്: ബോൺ ബ്രൂത്ത് ഒരു പോഷക സാന്ദ്രമായ മിശ്രിതമാണ്. ഇത് വീഗൻ അല്ലെങ്കിലും മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. കൊളാജൻ, ജെലാറ്റിൻ, മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കൾ. പ്രോലിൻ, ഗ്ലൈസിൻ പോലുള്ള അമിനോ ആസിഡുകൾ എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൻ്റെയും മുടിയുടെയും നഖങ്ങളുടെയും പ്രധാന ഘടകങ്ങളിലൊന്ന് കൊളാജൻ ആണ്. ഇത് ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, പ്രായത്തിനനുസരിച്ച് കുറയുന്നു. എല്ല് സൂപ്പ് പതിവായി കഴിക്കുന്നത് തലയോട്ടിയിലെ ചർമ്മത്തിൻ്റെ ദൃഢതയും പോഷണവും നിലനിർത്താൻ സഹായിക്കും.