ഫിന്ജാല് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കര തൊട്ടു. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെന്നൈയിൽ നൂറിലേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം തുറന്നില്ല. ഞായറാഴ്ച പുലർച്ചെ നാല് വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ ഏഴ് കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നത്. തമിഴ്നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടുന്നതായാണ് നിലവിലുള്ള അവസ്ഥ.
മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂർ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലുടനീളം 2220 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഇതിനകം തന്നെ 500 ഓളം പേരെ പാർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത ഉള്ളതായാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ ഒന്ന് മുതൽ നാല് തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാലാമിടം.ഇൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.























