ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ വിചിത്ര പ്രതികരണവുമായി ബി.ജെ.പി എം.പി ഹേമമാലിനി. “അവർ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുകയും വിചിത്രമായി പെരുമാറുകയും ചെയ്യുന്നു”വെന്നായിരുന്നു എം.പിയുടെ പ്രതികരണം.
“അവരെ സസ്‌പെൻഡ് ചെയ്‌താൽ അതിനർത്ഥം അവർ എന്തെങ്കിലും തെറ്റ് ചെയ്‌തുവെന്നാണ്. പാർലമെന്റ് ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കണം. അവർ അത് ചെയ്യുന്നില്ല, അവരെ സസ്‌പെൻഡ് ചെയ്‌തു. അതിൽ തെറ്റൊന്നുമില്ല,” പാർലമെന്റ് തടസ്സപ്പെടുത്തി മോദി സർക്കാരിനെ പിഴുതെറിയുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമമാലിനി ആരോപിച്ചു.
ചോദ്യങ്ങൾ ചോദിച്ചാൽ പുറത്താക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടാണ് പാർലമെന്റിൻ നടക്കുന്നതെന്ന് തുറന്നുസമ്മതിക്കുന്നതാണ് ബി.ജെ.പി എം.പിയുടെ പ്രതികരണമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അഭിപ്രായ സ്വാതന്ത്ര്യത്തിനു മുകളിലുള്ള കയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ പാളയത്തിൽ നിന്ന് നൂറിലധികം പാർലമെന്റംഗങ്ങളെ സസ്പെൻഡ് ചെയ്തു വാ അടപ്പിക്കാനുള്ള ശ്രമമാണ് ഭരണപക്ഷത്തുനിന്നുമുണ്ടാകുന്നതെന്നും വിമർശനമുണ്ട്.
റെക്കോഡുകള്‍ ഭേദിക്കുന്ന എം.പി.മാരുടെ സസ്പെന്‍ഷന്‍ വലിയ വിമർശൻങ്ങൾക്കാണ് വഴിതുറന്നിട്ടുള്ളത്. ശീതകാലസമ്മേളനത്തിന്റെ അവശേഷിക്കുന്ന മൂന്നുദിവസം ലോക്‌സഭയില്‍ പ്രതിപക്ഷനിരയിൽ ബാക്കിയുള്ളത് 10 ശതമാനം മാത്രമാണ്.























