ദ്വയാര്‍ത്ഥ പരാമർശങ്ങൾ നടത്തിയതിന്റെ പേരില്‍ പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. വിഷയത്തിൽ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ മാപ്പ് ഹണി റോസ് സ്വീകരിക്കണമെന്നും കേസ് പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്നും താന്‍ അഭ്യര്‍ത്ഥിക്കുന്നതായി രാഹുല്‍ ഈശ്വര്‍ ഒരു ചാനലിൽ സംസാരിക്കവെ പറഞ്ഞു .
ഹണി റോസിന്റെ വസ്ത്രധാരണം കുറച്ചുകൂടി മാന്യമാകണമെന്ന് തനിക്ക് അഭിപ്രായമുണ്ട്. ഇത് താന്‍ മാത്രമല്ല ഹണി റോസ് ചില വള്‍ഗറായ ആംഗിളുകള്‍ സ്വയം പ്രമോട്ട് ചെയ്യുന്നുവെന്ന് സിനിമാ രംഗത്തുനിന്നുള്ള ഒരു നടിയും ജനങ്ങളും പറയുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ഇതോടൊപ്പം രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനും രാഹുല്‍ മറുപടി പറഞ്ഞു.
നമ്മുടെ ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ തന്നെ ഡ്രസ് കോഡുണ്ടെന്നും സിനിമാ തിരക്കുകള്‍ കൊണ്ട് ഹണി വാര്‍ത്തകളൊന്നും ശ്രദ്ധിക്കാത്തതാകാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വാക്കുകളില്‍ മാത്രമല്ല വസ്ത്രത്തിലും മാന്യമായതും അശ്ലീലമായതുമുണ്ട്. മാന്യമായ വേഷമായ സാരി ടിപ്പ് ടിപ്പ് ബര്‍സാ പാനിയിലെ പോലെ ധരിച്ചാല്‍ പ്രശ്‌നമല്ലേ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. ഇതോടൊപ്പം, നാളെ ഹണി റോസിന്റെ റേച്ചല്‍ എന്ന സിനിമ ഇറങ്ങാന്‍ പോകുകയാണെന്നും അതിന് ആശംസകള്‍ നേരുന്നതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.