തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒരു ഗോത്ര നേതാവ് ഉൾപ്പെടെ പതിമൂന്ന് പേരെ പാകിസ്ഥാൻ അധികൃതർ അറസ്റ്റ് ചെയ്‌തു. വാഹനത്തിൽ നിന്ന് പിടിച്ചിറക്കി ഇവരെ വെടിവക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ദക്ഷിണേഷ്യയിൽ ഉടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘ദുരഭിമാനക്കൊല’യുടെ മറ്റൊരു സംഭവമാണിതെന്ന് പലരും വിശേഷിപ്പിച്ചു.
ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണ് കൊല്ലപ്പെട്ടതെന്നും മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പൊലീസ് കണ്ടെത്തി. അവിഹിത ബന്ധം ആരോപിച്ച് ഗോത്രനേതാവ് വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണ് സൂചന. സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞവർഷം പാകിസ്ഥാനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായി മനുഷ്യാവകാശ കമ്മിഷൻ പറയുന്നു.
വിഷയം അന്വേഷിച്ചു വരികയാണെന്നും കൊലപാതകങ്ങളിൽ സംശയിക്കപ്പെടുന്ന ബാനുവിൻ്റെ സഹോദരൻ ഉൾപ്പെടെ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബലൂചിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥനായ സയ്യിദ് സുബൂർ ആഗ പറഞ്ഞു.
വിജനമായ ഒരു പ്രദേശത്ത് വാഹനങ്ങൾക്ക് ചുറ്റും ആയുധധാരികളായ ഒരു കൂട്ടം ആളുകൾ ഒത്തുകൂടിയിരിക്കുന്നതായി കൊലപാതകങ്ങളുടെ വൈറലായ വീഡിയോകൾ കാണിക്കുന്നു. മണലിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ശരീരത്തിലേക്ക് പോലും വെടി വെയ്‌ക്കുന്നതും കാണാം. സംഭവത്തിൽ എട്ട് പ്രതികളുടെ പേരുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംഭവത്തിൽ ഉൾപ്പെട്ട തിരിച്ചറിയാത്ത 15 പ്രതികളുടെ പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമായും പാകിസ്ഥാനിലും ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ദുരഭിമാന കൊലപാതകങ്ങൾ പലപ്പോഴും കുടുംബം, ഗോത്രം അല്ലെങ്കിൽ ജാതി എന്നിവയുടെ പേരിൽ ഉണ്ടാകുന്ന അപമാനത്തിൽ നിന്നാണ് ഉണ്ടാകുന്നത് ആണ്. പ്രത്യേകിച്ച് പ്രണയ വിവാഹങ്ങളിൽ. പങ്കാളികൾ അവരുടെ കുടുംബങ്ങളുടെയോ ഗോത്രത്തിൻ്റെയോ സമ്മതമില്ലാതെ വിവാഹം കഴിക്കുകയോ ഒളിച്ചോടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പലപ്പോഴും പല ക്രൂര കൊലപാതകങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം കൊലപാതകങ്ങളിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























