| രാം കുമാർ
പാശ്ചാത്യ മനുഷ്യാവകാശ ഗീർവാണങ്ങൾ ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി. രണ്ടാം ലോക മഹായുദ്ധ കാലത്തു ജർമനിയുടെ enigma code break ചെയ്തു ജർമനിയെ തോൽവിയിലേക്ക് നയിച്ച അലൻ ട്യൂറിംഗ് എന്ന ലോകം കണ്ട മികച്ച ഗണിതശാസ്ത്രജ്ഞനായ വ്യക്തിയെ homosexuality യുടെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയും, അതിൽ 2009 വരെ അൽപ്പം പോലും പശ്ചാത്താപം പ്രകടിപ്പിക്കാതെയും ഇരുന്ന ബ്രിട്ടൻ ആണ് പറയുന്നത് ഖത്തറിൽ മനുഷ്യാവകാശം ഇല്ല എന്ന്. (രാജ്ഞി 2009 ൽ ചെയ്ത കുറ്റത്തിന് മാപ്പു കൊടുക്കുകയായിരുന്നു. അപ്പോഴും കുറ്റം ചെയ്തു എന്ന് തന്നെയാണ് അവർ പറയുന്നത്)
ഇറാഖിനെ ഇല്ലാത്ത അണ്വായുധങ്ങളുടെ പേരിൽ ആക്രമിക്കുകയും പതിനായിരങ്ങളെ കൊല്ലുകയും ചെയ്ത യുദ്ധത്തിന്റെ പേര് Operation Iraqi Freedom എന്നായിരുന്നു. ആരുടെ ഫ്രീഡം? ആർക്കാണ് ഫ്രീഡം കിട്ടിയത്? അത്യാവശ്യം മാന്യമായി പൊയ്ക്കൊണ്ടിരുന്ന ഒരു രാജ്യം അമേരിക്കയുമായി ഉടക്കി എന്ന പേരിൽ പട്ടിണിയിലേക്കും, പിന്നീട് തീവ്രവാദത്തിലേക്കും വലിച്ചെറിയപ്പെട്ടു. ഈ ക്രൂരതക്ക് ഇന്നുവരെ ലോകത്തോടും ഇറക്കികളോടും NATO മാപ്പ് പറഞ്ഞിട്ടില്ല.
അത്യാവശ്യം നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഗ്വാട്ടിമാല എന്ന രാജ്യത്തെ 1954 ൽ United Fruit Company എന്ന വാഴപ്പഴം കൃഷി ചെയ്യുന്ന കമ്പനിക്ക് വേണ്ടി നശിപ്പിച്ചു പണ്ടാരമാക്കി ഇന്ന് ഏറ്റവും മോശം രാജ്യങ്ങൾ ഒന്നാക്കിയത് അവിടെ ജനാധിപത്യം കൊണ്ട് വരാൻ ആയിരുന്നു. അതായതു ഏറ്റവും സുതാര്യമായ ഇലക്ഷനിലൂടെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ കള്ളക്കടത്തുകാരെയും അമേരിക്കയുടെ സൈനികരെയും ഉപയോഗിച്ച് അട്ടിമറിച്ചത് ജനാധിപത്യം കൊണ്ട് വരാൻ ആയിരുന്നു എന്ന്. അതിനു ശേഷം ഇന്ന് വരെ ആ രാജ്യം സമാധാനം കണ്ടിട്ടില്ല. ഇതിനും ഇന്ന് വരെ അമേരിക്ക മാപ്പ് പറഞ്ഞിട്ടില്ല.
ഇന്ത്യയുടെ തൊട്ടു അടുത്ത് കിടക്കുന്ന diego garcia island ലെ ജനങ്ങളെ കൊന്നും വിരട്ടി ഓടിച്ചും അവിടെ സൈനിക താവളം ഉണ്ടാക്കിയത് അമേരിക്കയും ബ്രിട്ടനും ചേർന്നാണ്. അതിനും ഇന്ന് വരെ മാപ്പ് പറയുകയോ അങ്ങനെ ഒരു സംഭവം നടന്നു എന്ന് പോലും അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ഇതുപോലെ എത്ര എത്ര രാജ്യങ്ങളെയും മനുഷ്യന്മാരെയും ആണ് ആണ് അമേരിക്കയും അവരുടെ സഖ്യ കക്ഷികൾ ആയ യൂറോപ്പിലെ രാജ്യങ്ങളും ചേർന്ന് തകർത്തു തരിപ്പണം ആക്കിയത്.
അവന്മാർ ആണ് കള്ള് കുടിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ ഖത്തറിനെ വിമർശിക്കുന്നത്. ഖത്തറിൽ എല്ലാം ശരിയാണ് എന്ന അഭിപ്രായം എനിക്കും ഇല്ല. ഒരു രാജ്യം എന്ന നിലയിൽ ഒരുപാട് കാര്യങ്ങളിൽ മുന്നോട്ടു പോകാനുണ്ട്. പക്ഷെ ഖത്തറിനെ വിമർശിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കും, അമേരിക്കക്കും എന്താണ് അവകാശം?