കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇടുക്കി. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിന്റെയും റവന്യു രേഖകളിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേർത്തതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്.
1997 നു മുൻപ് വരെ ഇടുക്കിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. 1997 ജനുവരി 1നു ദേവികുളം താലൂക്കിൽ ഉൾപ്പെട്ടിരുന്ന കുട്ടമ്പുഴ വില്ലേജ് മുഴുവനായും എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലേക്കു കൂട്ടിചേർത്തതോടെ ഇടുക്കിയുടെ വലുപ്പം കുറഞ്ഞു. രണ്ടാം സ്ഥാനത്തായിരുന്ന പാലക്കാട് മുന്നിലെത്തി. കുട്ടമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേർത്തതോടെ ഇടുക്കി വീണ്ടും ഒന്നാമതെത്തി. ഇതോടെ ഇടുക്കിയുടെ ആകെ വിസ്തീർണം 4358ൽ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി. ഇതു വരെ ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിന്റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്. ഇതോടെ എറണാകുളം ജില്ല വിസ്തീർണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തു നിന്ന് അഞ്ചാമതായി. അഞ്ചാമതായിരുന്ന തൃശൂർ നാലാം സ്ഥാനത്തേക്ക് ഉയർന്നു. പുതിയ മാറ്റം സെപ്റ്റംബർ 5 ലെ സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽ വന്നു.
ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ക്രമീകരണങ്ങൾ എന്ന് റവന്യു അധികൃതർ വ്യക്തമാക്കി. ഇടമലകുടി പഞ്ചായത്തിലും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലുമായി നിന്ന ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്കു പുതിയ മാറ്റത്തോടെ പട്ടയം ലഭിക്കുന്നതടക്കമുള്ള റവന്യൂ ആവശ്യങ്ങൾക്ക് ഇനി കുട്ടമ്പുഴയിലേക്കു വരേണ്ടിവരില്ല. ഇവർക്ക് ഇനിമുതൽ ഇടമലക്കുടി വില്ലേജിനെ ആശ്രയിക്കാം.























