| ശ്രീകാന്ത് പികെ
കഴിഞ്ഞ അമ്പത് വർഷക്കാലം കൊണ്ട് നമ്മൾ കൈവരിച്ച മുന്നേറ്റങ്ങളെക്കാൾ വലിയ മുന്നേറ്റങ്ങളാണ് അടുത്ത പതിനഞ്ചു വർഷങ്ങൾ കൊണ്ട് ബഹിരാകാശ – സ്പെയ്സ് സയൻസ് രംഗത്തും പ്രപഞ്ചോൽപത്തിയെ സംബന്ധിച്ച പഠനങ്ങളിലും നമ്മൾ കൈ വരിക്കാൻ പോകുന്നത്.
ഇന്നീ കാണുന്ന ആധുനിക ബഹിരാകാശ ശാസ്ത്ര ഗവേഷണങ്ങൾ ഇത്രയും വിപുലമാകാൻ പ്രധാന കാരണം സോവിയറ്റ് യൂണിയനും – യൂണൈറ്റഡ് സ്റ്റേറ്റ്സും കമ്യൂണിസ്റ്റ് – കാപ്പിറ്റലിസ്റ്റ് ചേരിയായി ഇരു വശത്തും നിന്ന് നടത്തിയ ശീത യുദ്ധമാണല്ലോ. സോവിയറ്റ് റഷ്യ ആദ്യത്തെ പേടകത്തെ, ആദ്യത്തെ മനുഷ്യനെ ആദ്യത്തെ വനിതയെ ഒക്കെ സ്പെയ്‌സിൽ അയക്കുന്നു, മത്സരിക്കാനായി അമേരിക്ക മനുഷ്യനെ ചന്ദ്രനിൽ അയക്കുന്നു. പിന്നീടങ്ങോട്ട് റോക്കറ്റ് നിർമ്മാണത്തിലും സാറ്റലൈറ്റ് വിക്ഷേപണത്തിലും ഇരു രാജ്യങ്ങളും അവരോട് ബന്ധപ്പെട്ട് നിൽക്കുന്ന മറ്റു രാജ്യങ്ങളും മത്സരത്തിലായിരുന്നു. അതിന്റെ ഗുണം ലഭിച്ചത് മാനവരാശിക്ക് മുഴുവനുമാണ്.
അതിൽ തന്നെ നാസയുടെ ന്യൂ ഹൊറൈസണ്, വോയേജർ പേടകങ്ങൾ സഞ്ചരിച്ച ദൂരത്തിൽ ശാസ്ത്രലോകത്തെ ഞെട്ടിച്ചു. സോവിയറ്റ് റഷ്യയുടെ വെനീറ എന്ന പ്രോബ് ചുട്ടു പഴുത്ത ശുക്രന്റെ ഉപരിതലത്തിലെത്തി ഒരു മണിക്കൂർ മാത്രം ആയുസ്സിൽ ലഭ്യമായ ഫോട്ടോകളെടുത്ത് ഭൂമിയിലയച്ചു. പേടകങ്ങൾ വാൽ നക്ഷത്രത്തിലിറങ്ങി അവയെ കുറിച്ച് പഠിച്ചു.
സോവിയറ്റ് പതനത്തിന് ശേഷം നാസയും പതുക്കെയായി. മാനവരാശിയുടെ പ്രപഞ്ചോൽപത്തിയെ കുറിച്ചുള്ള അന്വേഷണങ്ങൾ. ഇടക്കാലത്ത് കാപ്പിറ്റലിസ്റ്റ് സ്പോണ്സേർഡ് ഏലിയൻ സിനിമകൾക്ക് മാത്രം വഴി മാറി. നമ്മുടെ ഇന്ത്യയുടെ ISRO അപ്പോഴും പരാധീനതകൾക്കിടയിലും വളർന്നു. 9- വർഷത്തെ ബിജെപി ഭരണം ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട പല ഇൻസ്‌റ്റിറ്റൂഷനുകളും ചാണക വൽക്കരിച്ചു തകർത്തുവെങ്കിലും ISRO- യെ നശിപ്പിക്കാതിരുന്നതിലെങ്കിലും സമാധാനിക്കാം. ISRO മൂൺ, മാഴ്സ് മിഷനുകൾ നമുക്ക് അഭിമാനിക്കാനുള്ളതാണ്.
ഇന്ന് ചൈന വലിയൊരു ബഹിരാകാശ ശക്തിയാണ്. അമേരിക്കക്കും സോവിയറ്റ് യൂണിയനും ശേഷം ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണ പഥത്തിൽ പേടകത്തെ ഇറക്കിയ രാജ്യമായി ചൈന മാറി. ഡീ കമ്മീഷൻ ചെയ്യുന്ന നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പകരമായി വരുന്നത് ചൈനയുടെ ബഹിരാകാശ നിലയമാണ്. സൗദി അറേബ്യ മിഡിൽ ഈസ്റ്റിൽ സ്പെയ്സ് സയൻസ് രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുകയാണ്. UAE അവരുടെ ആദ്യ മാഴ്സ് മിഷന് കഴിഞ്ഞ വർഷം തുടക്കം കുറിച്ചു.
പണ്ടത്തെ ശീത യുദ്ധത്തിൽ നിന്ന് വ്യത്യസ്തമായി വിവിധ രാജ്യങ്ങളുടെ ശക്തമായ ബഹിരാകാശ ഏജൻസികൾ ഇന്ന് സ്വന്തമായി ഗവേഷണങ്ങൾക്ക് നേതൃത്വം നൽകി ആരോഗ്യകരമായി മത്സരിക്കുകയാണ്. ചന്ദ്രോപരിതലത്തിൽ ഒരു സ്ഥിരം സ്പെയ്സ് സെന്ററും ചൊവ്വയിലേക്കുള്ള മനുഷ്യ യാത്രയും ഈ നൂറ്റാണ്ടിന്റെ പാതിക്ക് മുന്നേ തന്നെയുണ്ടാകും.
ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ അയക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ് ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപെട്ട ശാസ്ത്ര നേട്ടമായാണ് ശാസ്ത്ര ലോകം അടയാളപ്പെടുത്തുന്നത്. ഏതാണ്ട് 1380 കോടി വർഷങ്ങൾക്ക് മുന്നേ നടന്ന ബിഗ് ബാംഗ് എന്ന എക്‌സ്പാൻഷനിലൂടെയാണ് പ്രപഞ്ചം രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. ആ എക്സ്പാൻഷന്റെ തുടക്കത്തിൽ രൂപപ്പെട്ട ആദ്യ നക്ഷത്രങ്ങളിൽ, ഏതാണ്ട് 1350 കോടി വർഷങ്ങൾക്ക് മുന്നേ പുറപ്പെട്ട കിരണങ്ങൾ വരെ നമുക്ക് കണ്ടെത്താൻ സാധിച്ചു എന്നത് ഒരു സാധാരണക്കാരന്റെ ചിന്തയ്ക്ക് മനസിലാക്കാൻ പറ്റുന്നതായിക്കൊള്ളണം എന്നില്ല.
നമ്മൾ ഒരു വസ്തുവിനെ കാണുന്നത് അതിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിലൂടെയാണ്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന പ്രകാശം ഏതാണ്ട് 8- മിനിറ്റ് കഴിഞ്ഞാണ് ഭൂമിയിലെത്തുന്നത്. അതായത് 8 മിനിറ്റ് പഴയ സൂര്യനെയാണ് നമ്മൾ ആകാശത്ത് കാണുന്നത്. ആയിരം പ്രകാശ വർഷം അകലെയുള്ള നക്ഷത്രങ്ങളെ ആകാശത്ത് കാണുമ്പോഴും നമ്മൾ ആയിരം വർഷം പുറകിലേക്ക് നോക്കുകയാണ്. പ്രകാശം പലപ്പോഴും അന്തരീക്ഷത്തിലെ പൊടി പടലങ്ങളിൽ തട്ടി ആഗിരണം ചെയ്യപ്പെടും. എന്നാൽ ഇൻഫ്രാറെഡ് തരംഗങ്ങൾ വസ്തുക്കളുടെ ഉള്ളിൽ കൂടെ കടന്ന് ചെല്ലും.
ജെയിംസ് വെബ് ടെലിസ്കോപ് പഠന വിധേയമാക്കുന്നതും നമ്മളിപ്പോൾ കാണുന്ന ഫോട്ടോകളും ഇൻഫ്രാറെഡ് തരംഗങ്ങളിലൂടെ എടുത്തതാണ്. ജെയിംസ് വെബ്ബിന് ആയിരം പ്രകാശ വർഷം അകലെയുള്ള നക്ഷത്രങ്ങളിലെ പോലും അന്തരീക്ഷത്തെ കുറിച്ച് പഠിക്കാനാകും.
ഇങ്ങനെ പ്രപഞ്ചമുണ്ടായ സമയത്ത് പുറപ്പെട്ട ഗാമാ കിരണങ്ങൾ അടക്കമുള്ള തരംഗങ്ങളെ പഠന വിധേയമാക്കി പ്രപഞ്ചോൽപ്പത്തിയുടെ ചുരുളഴിക്കാൻ സാധിക്കും. ചിലപ്പോൾ ഈ മഹാ പ്രപഞ്ചത്തിലെ കോടികണക്കിന് ഗാലക്സികളിൽ ഒരു ഗാലക്സിയുടെ വാലിന്റെ ഒരു മൂലയിൽ കോടിക്കണക്കിനു നക്ഷത്രങ്ങളിൽ ഒരു ശരാശരി വലിപ്പമുള്ള നക്ഷത്രത്തിന് ചുറ്റും ചുറ്റുന്ന എട്ടു ഗ്രഹങ്ങളിൽ ഗോൾഡ് ലോക്ക് സോണിൽ പെട്ട ഒരു ചെറിയ ഗ്രഹത്തിൽ മനുഷ്യൻ ഒറ്റപ്പെട്ടു നിൽക്കുകയാണോ എന്ന അസ്തിത്വ ദുഃഖത്തിന് ഈ നൂറ്റാണ്ടിനുള്ളിൽ തന്നെ ഉത്തരം കണ്ടെത്താൻ സാധിച്ചേക്കും.























