വിവിധ ഉപയോഗത്തിനുള്ള കെട്ടിടങ്ങളും മറ്റ് താമസ സ്ഥലങ്ങളും നിമിഷ നേരം കൊണ്ട് പൂര്‍ത്തിയാക്കുന്ന 3 ഡി നിര്‍മ്മാണം പരീക്ഷിച്ച് ഇന്ത്യൻ കരസേന. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കരസേന 3 ഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലൂടെ ഇരുനില കെട്ടിടം പണിതത്.
രാജ്യ അതിര്‍ത്തികളില്‍ അതിവേഗം ബ്ലോക്കുകള്‍ നിര്‍മ്മിച്ച് കെട്ടിടമാക്കാവുന്ന സംവിധാനം ഏറെ ഫലപ്രദവും ഈടു നില്‍ക്കുന്നതുമാണെന്നും കരസേന അറിയിച്ചു. ഇന്ത്യൻ കരസേനയുടെ എഞ്ചിനീയറിങ് വിഭാഗമായ എംഇഎസാണ് സൈന്യത്തിന് ഏറെ ഉപകാരപ്പെടുന്ന 3 ഡി സാങ്കേതിക വിദ്യയിലൂടെ കെട്ടിടം നിര്‍മ്മിച്ചത്.
നിര്‍മ്മാണ മേഖലയിലെ മികച്ച സ്ഥാപനമായ മികോബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരസേനയുമായി 3 ഡി കെട്ടിട നിര്‍മ്മാണത്തില്‍ കൈകോര്‍ത്തിരിക്കുന്നത്. ഏകദേശം 71 ചതുരശ്ര അടിയിലാണ് 3 ഡി കെട്ടിട നിര്‍മ്മാണം നടന്നത്. ഇരുനിലകെട്ടിടത്തില്‍ വാഹന മിടാനുള്ള ഗ്യാരേജിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.
12 ആഴ്ചയായിരുന്നു നിര്‍മ്മാണത്തിനായി എടുത്ത സമയം. സോണ്‍ 3 ഭൂകമ്പ പ്രതിരോധ മാനദണ്ഡം അവലംബിച്ച നിര്‍മ്മാണം, ഹിമാലയന്‍ മലനിരകളിലെ സൈനിക താവളങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമാണെന്ന് പ്രതിരോധ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
താല്‍ക്കാലികമായ ടെന്റുകള്‍ നിര്‍മ്മിച്ചിരുന്ന സ്ഥാനത്താണ് ഇനി 3ഡി കെട്ടിടങ്ങള്‍ ഉയരുന്നത്. കെട്ടിടത്തിനാവശ്യമായ ചുവരുകളെല്ലാം നിമിഷ നേരംകൊണ്ട് 3 ഡി രൂപരേഖ പ്രകാരം നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ക്കുന്നതാണ് സംവിധാനം. വിവിധ ബറ്റാലിയനുകളെ ഒരുമിച്ച് മാറ്റേണ്ടി വരുമ്പോള്‍ ഏറെ ഉപകരാപ്പെടുന്ന സംവിധാനമാണിത്.























