ഇന്ത്യൻ റെയിൽവേ ‘സ്വാറെയിൽ’ എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഡിജിറ്റൽ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങൾ ആധുനിക വൽക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിൻ്റെ ഭാഗമാണ് ഈ ആപ്പ്. പൊതുജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും ഒരൊറ്റ ഉപയോക്തൃ സൗഹൃദ പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കുന്നതിനാണ് സ്വാറെയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
മുമ്പ്, ഐആർസിടിസി റെയിൽ കണക്റ്റ്, യുടിഎസ് തുടങ്ങിയ വ്യത്യസ്‌ത ആപ്പുകളിൽ ഈ സേവനങ്ങൾ ലഭ്യമായിരുന്നു. പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ‍്രോയിഡ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിൾ ആപ്പ്സ്റ്റോറിൽ സ്വറെയിൽ ആപ്പ് എത്തിയിട്ടില്ല.
ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഭക്ഷണവും ഓർഡർ ചെയ്യാം. ട്രെയിനിൻ്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.
ഐആർസിടിസിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെൻ്റെർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ. നിലവിൽ റെയിൽ കണക്റ്റ് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിൻ്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇത് ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ട് തുറക്കുകയുമാകാം.
യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിൻ്റെ പിഎൻആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ തിരയുക, റെയിൽവേയുടെ സഹായങ്ങൾ അഭ്യർഥിക്കുക, പരാതി നൽകുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്.
ട്രെയിൻ യാത്ര കൂടുതൽ മികച്ചതും, കൂടുതൽ സുഖകരവും, കൂടുതൽ ആക്‌സസ് ചെയ്യാവുന്നതുമാക്കാൻ സ്വാറെയിൽ ആപ്പ് വഗ്‌ദാനം ചെയ്യുന്നു.