വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഉപയോഗശൂന്യമായ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വര്‍ഷത്തിലധികം സര്‍വീസില്‍ തുടരാന്‍ സാധിക്കുന്ന എഞ്ചിനുകളാണിവ.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ കമ്പനികള്‍, ധാതുഖനന കമ്പനികൾ എന്നിവയ്ക്കുവേണ്ടിയാണ് ഇവ കയറ്റുമതിചെയ്യുന്നത്. റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കോണമിക് സര്‍വീസാണ് ഇതിനായുള്ള ഓര്‍ഡര്‍ നേടിയത്.
ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ 1.06 മീറ്റര്‍ അകലമുള്ള കേപ്പ് ഗേജ് പാതയാണ് റെയില്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. അതേസമയം ഇന്ത്യയില്‍ 1.6 മീറ്റര്‍ വീതിയുള്ള ബ്രോഡ്ഗേജ് പാതയിലാണ് സര്‍വീസ് നടത്തുക. അതിനാല്‍ ഡീസല്‍ എന്‍ജിനുകളുടെ ആക്‌സിലുകള്‍ മാറ്റി വീലുകള്‍ തമ്മിലുള്ള അകലം 1.06 മീറ്ററായി കുറയ്‌ക്കേണ്ടതുണ്ട്.
റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷന്‍ ആണ് എന്‍ജിനുകളുടെ രൂപകല്പനയില്‍ മാറ്റം വരുത്തുന്നത്. കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്ഷോപ്പില്‍ വെച്ചാണ് മാറ്റം വരുത്തുകയെന്ന് പെരമ്പൂര്‍ ലോക്കോവര്‍ക്‌സിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.