യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇന്ത്യക്കാരിയായ യുവതിയുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള മുപ്പത്തി മൂന്നുകാരിയായ ഷെഹ്സാദി ഖാൻ എന്ന സ്ത്രീ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു.
യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് 2025 ഫെബ്രുവരി 15ന് ഷെഹ്സാദി ഖാനെ വധിച്ചുവെന്ന് വിദേശകാര്യ മന്ത്രി ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ഫെബ്രുവരി 28ന് ഖാൻ്റെ വധശിക്ഷയെ കുറിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിക്ക് സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) ചേതൻ ശർമ്മ പറഞ്ഞു.
“അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അവരുടെ സംസ്‌കാരം 2025 മാർച്ച് അഞ്ചിന് നടത്തുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
മകളുടെ നിലവിലെ നിയമപരമായ നിലയും ക്ഷേമവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഖാൻ്റെ പിതാവ് ഷബീർ ഖാൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇത്. മന്ത്രാലയത്തിൻ്റെ വാദങ്ങളെ തുടർന്ന്, “ദുഃഖകരവും നിർഭാഗ്യകരവുമായ” സംഭവമെന്ന് വിശേഷിപ്പിച്ച് കോടതി ഹർജി തീർപ്പാക്കി.
ഷഹ്സാദി ഖാൻ കേസ്
ഷഹ്‌സാദി ഖാൻ്റെ സംരക്ഷണയിലായിരുന്ന ഒരു കുട്ടിയുടെ മരണത്തിന് ഉത്തരവാദി ആയതിനാൽ വധശിക്ഷക്ക് വിധിച്ചു. തുടന്ന് അബുദാബിയിലെ അൽ വത്ബ ജയിലിൽ തടവിലാക്കപ്പെട്ടു.
നിയമപരമായ വിസ നേടിയ ശേഷം തൻ്റെ മകൾ 2021 ഡിസംബറിൽ അബുദാബിയിലേക്ക് യാത്ര ചെയ്‌തതായി ഷബീർ ഖാൻ്റെ ഹർജിയിൽ പറയുന്നു.
2022 ഓഗസ്റ്റിൽ, അവരുടെ തൊഴിലുടമ ഒരു മകനെ പ്രസവിച്ചു. ഖാൻ ഒരു പരിചാരകനായി ജോലി ചെയ്‌തിരുന്നു. പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ച ശേഷം 2022 ഡിസംബർ ഏഴിന് കുഞ്ഞ് മരിച്ചു.
2023 ഡിസംബറിൽ കുഞ്ഞിൻ്റെ കൊലപാതകം ഖാൻ കുറ്റസമ്മതം നടത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോ റെക്കോർഡിംഗും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. എന്നിരുന്നാലും, അവളുടെ തൊഴിലുടമയും കുടുംബവും പീഡിപ്പിച്ചും ദുരുപയോഗം ചെയ്‌തുമാണ് കുറ്റസമ്മതം നടത്തിയതെന്ന് ഹർജിയിൽ അവകാശപ്പെട്ടു.