ബാനു മുഷ്‌താഖിന് ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്. കന്നഡ ഭാഷയിൽ ഇന്ത്യൻ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്‌താഖിൻ്റെ ചെറുകഥാ സമാഹാരമായ ‘ഹാർട്ട് ലാമ്പ്’ ആണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണേഷ്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള കൃതിയായ ‘ഹാർട്ട് ലാമ്പ്’ ദീപ ഭാസ്‌തിയാണ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്‌തത്. 50,000 പൗണ്ടാണ് പുരസ്‌കാര തുക.
ടേറ്റ് മോഡേണിൽ നടന്ന ചടങ്ങിൽ പുസ്‌തകത്തിൻ്റെ വിവർത്തകയായ ദീപ ഭാസ്‌തിയോടൊപ്പം ബാനു മുഷ്‌താഖ് പുരസ്‌കാരം സ്വീകരിച്ചു. വൈവിധ്യത്തിൻ്റെ വിജയമെന്നാണ് മുഷ്‌താഖ് തൻ്റെ ബുക്കർ പ്രൈസ് നേട്ടത്തെ വിശേഷിപ്പിച്ചത്. ബുക്കർ ലഭിക്കുന്ന ആദ്യ കന്നഡ ഭാഷയിലുള്ള കൃതി കൂടിയാണ് ‘ഹാർട്ട് ലാമ്പ്’. 1990- 2003 കാലത്തിനുള്ളിൽ ബാനു മുഷ്‌താഖ് പ്രസിദ്ധീകരിച്ച കഥകളിൽ നിന്നും തിരഞ്ഞെടുത്തവയാണ് ഹാർട്ട് ലാമ്പിലുള്ളത്.
ആറ് പുസ്‌തകങ്ങളാണ് 2025 ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ‘ഹാർട്ട് ലാമ്പ്’ കൂടാതെ ഫ്രഞ്ച് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജിമ ചെയ്‌ത എ ലെപ്പർഡ സ്‌കിൻ ഹാറ്റ്, ഇറ്റാലിയൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്‌ത പെർഫെക്ഷൻ, ജാപ്പനീസ് എഴുത്തുകാരൻ്റെ അണ്ടർ ഐ ഓഫ് ദ ബിഗ് ബേർഡ്, ഫ്രഞ്ച് എഴുത്തുകാരൻ്റെ സ്‌മാൾ ബോട്ട്, ഓൺ ദ എജുക്കേഷൻ ഓഫ് വോളിയം വൺ എന്നിവയായിരുന്നു അവ.
1997ൽ അരുന്ധതി റോയിക്ക് ദ ഗോഡ് ഓഫ് സ്‌മാൾ തിങ്ക്സ് എന്ന പുസ്‌തകത്തിന് ബുക്കർ പ്രൈസ് ലഭിച്ചിരുന്നു. ഗീതാഞ്ജലി ശ്രീ, കിരൺ ദേസായി എന്നിവർ മുൻകാലങ്ങളിൽ ബുക്കർ പ്രൈസ് കരസ്ഥമാക്കിയ മറ്റ് ഇന്ത്യൻ എഴുത്തുകാരാണ്.