| എസ് സുധീപ്
ഇന്ത്യൻ സൈന്യം ഇന്ത്യൻ സിവിലിയൻമാരെ അകാരണമായി വെടിവച്ചു കൊന്നത് തെമ്മാടിത്തരമല്ല, രാജ്യദ്രോഹം തന്നെയാണ്. നാഗാലാൻ്റിലെ പതിമൂന്നു ഗ്രാമീണരെയാണ് ഇന്ത്യൻ സൈന്യം വെടിവച്ചു കൊന്നത്. തെറ്റുപറ്റിയതാണത്രെ.
കൈയിൽ തോക്കു കൊടുത്തിരിക്കുന്നത് കാണുന്നവരെയൊക്കെ വെടിവച്ചു കൊല്ലാനല്ല. എന്തു തെമ്മാടിത്തരവും കാണിച്ചിട്ട് ഖേദിച്ചാൽ മതിയോ? ജവാന്മാർ ചേർന്ന് ഉണ്ടാക്കിയ ഒരു സാധനമൊന്നുമല്ല ഇന്ത്യ. ഇന്ത്യയിൽ പട്ടാളഭരണവുമല്ല. സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമീണ കർഷകരില്ലാതെ എന്ത് ഇന്ത്യ?
അവരെന്നു മുതൽക്കാണ് ചിലർക്ക് വെറും ആന്ദോളൻ ജീവികളും ഭീകരവാദികളുമൊക്കെയായി മാറിയത്? ഇന്ത്യയിലെ ഭരണാധികാരികൾ ജയ് ജവാൻ എന്നു മാത്രം നാഴികയ്ക്കു നാല്പതു വട്ടം ആർപ്പുവിളിക്കാനും ജയ് കിസാൻ എന്ന മുദ്രാവാക്യത്തെ സൗകര്യപൂർവ്വം മറക്കാനും തുടങ്ങിയത് എപ്പോഴാണ്? അസ്വസ്ഥത നിലനിൽക്കുന്ന അതിർത്തി സംസ്ഥാനങ്ങളിൽ സൈന്യത്തിന് എന്തും ചെയ്യാനുള്ള ലൈസൻസ് നൽകിയതാരാണ്?
ഇന്ത്യയുടെ തെക്കേയറ്റത്തെ ഒരു സാദാ പൊലീസുകാരൻ ഉണ്ടയില്ലാ വെടിവച്ചാൽ ഉടനെ മാസങ്ങളോളം ചർച്ച ചെയ്യുന്ന മാദ്ധ്യമങ്ങളൊക്കെ എവിടെ? നിർത്താതെ പൊട്ടിത്തെറിക്കുന്ന ദേവേന്ദ്രന്മാരും മുത്തുപ്പട്ടന്മാരും മിണ്ടുമോ? ജവാനല്ല സർ, ഇന്ത്യയുടെ പ്രതീകം. നമ്മെയൊക്കെ ഊട്ടുന്ന പാവം ഗ്രാമീണ കിസാൻ തന്നെയാണ്. കിസാൻ എന്ന വാക്കിന് സാധാരണക്കാരിൽ സാധാരണക്കാരൻ എന്നു കൂടി അർത്ഥം. കർഷകരാവാം, ഖനിത്തൊഴിലാളിയാവാം.
അവരെയാണ് നീയൊക്കെ ആഡംബര എസ് യു വി കയറ്റിയും വെടിവച്ചുമൊക്കെ കൊല്ലുന്നത്. പാവപ്പെട്ട ഇന്ത്യൻ കർഷകരെയും ഖനിത്തൊഴിലാളികളെയുമൊക്കെ കൊല ചെയ്ത രാജ്യദ്രോഹികൾ, അവർ സൈനികനോ കേന്ദ്രമന്ത്രിയുടെ സല്പുത്രനോ ആരുമാവട്ടെ, അവനെയൊക്കെ സിവിലിയൻ കോടതികളിൽ വിചാരണ ചെയ്ത് കഴുമരത്തിലേറ്റണം. അന്നേരം ജയ് കിസാൻ എന്ന മുദ്രാവാക്യം ഉറക്കെ മുഴങ്ങണം. രാജ്യദ്രോഹികൾ തുലയുക തന്നെ വേണം. കാലം കണക്കുതീർക്കുക തന്നെ ചെയ്യും.























