അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.
അന്താരാഷ്ട്ര വനിതാദിനം
ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. International women’s day എല്ലാ വർഷവും മാർച്ച് 8ന് ആചരിക്കുന്നു. ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിൻ്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകകളുടെ വിജയത്തിൻ്റെ കഥയും അവയിൽ പ്രധാനപ്പെട്ടവയാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിൻ്റെ അനുസ്‌മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ഇതിൻ്റെ ഭാഗമാണ്.
ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ട് ഉയർത്തിപ്പിടിക്കാറുണ്ട്. വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.
ശ്രീവിദ്യയുടെ ‘പൂങ്കാവനം അഗ്രി’ ബ്രാൻഡ്
അന്താരാഷ്ട്ര വനിതാ ദിനത്തിൽ യുവകർഷകയായ കാസർകോട് ജില്ലയിലെ കൊളത്തൂർ സ്വദേശിനി ശ്രീവിദ്യ മേലത്ത് അഭിമാന നേട്ടം കൊയ്‌തത് പുതിയ ചരിതം. പാരമ്പര്യ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ശ്രീവിദ്യ ശാസ്ത്രീയമായും ആധുനികമായും കൃഷിയിറക്കി. ‘പൂങ്കാവനം അഗ്രി’ എന്ന ബ്രാൻഡിലൂടെ വൈവിധ്യമാർന്ന വിളകൾ വിളയിച്ച് ഇതിനകം ശ്രദ്ധേയമായി.
ശ്രീവിദ്യയുടെ തോട്ടത്തിൽ വേനൽ കടുത്തതോടെ അഞ്ചിനം ഹൈബ്രിഡ് തണ്ണിമത്തനുകളാണ് വിളവെടുപ്പിന് പാകമായിരിക്കുന്നത്. മുക്കാസ്, എഫ് വൺ, ജൂബിലി കിങ്, ആരോഹി, വിശാല, ഓറഞ്ച് മഞ്ച് തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ഡിസംബർ ആദ്യവാരം വിത്തിറക്കി 65 ദിവസത്തിനുള്ളിൽ വിപണിയിൽ എത്തിക്കാൻ സാധിച്ചു.
ഇസ്രയേലിലെ നൂതന കൃഷിരീതികൾ നേരിട്ട് പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പ് അയച്ച സംഘത്തിൽ അംഗമായിരുന്ന ശ്രീവിദ്യ, അവിടെ നിന്ന് ആർജ്ജിച്ച അറിവുകൾ സ്വന്തം മണ്ണിൽ പ്രായോഗികമാക്കിയാണ് നൂറുമേനി വിളവ് കൊയ്യുന്നത്.
കാബേജ്, കോളിഫ്ലവർ, മുളക്, പയർ, തക്കാളി തുടങ്ങി ഇരുപതോളം ഇനം പച്ചക്കറികളാണ് സമൃദ്ധമായി വളരുന്നത്. ഇടനിലക്കാരില്ലാതെ തോട്ടത്തിൽ നിന്നും നേരിട്ടാണ് വിപണനം നടത്തുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിൻ്റെ മികച്ച യുവകർഷക പുരസ്‌കാരം ശ്രീവിദ്യയെ തേടിയെത്തിയിരുന്നു.























