ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ്‌ഐഎസ് ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഐഎസുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളിലെ അംഗങ്ങൾ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളെ ലക്ഷ്യം വെയ്‌ക്കുന്ന എൻഐഎയുടെ കണ്ടെത്തലിൽ അന്വേഷണം തുടങ്ങി.
തമിഴ്‌നാടിനെ ഇസ്‌ലാമിക സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സലഫി- ജിഹാദി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാൻ തീവ്രവാദ സംഘടനകളിലെ അംഗങ്ങൾ ശ്രമിക്കുന്നു എന്നതാണ് നിർണായകമായ നിരീക്ഷണം. വിവരം എല്ലാ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെയും അറിയിച്ചിട്ടുണ്ടെന്ന് എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
2022-ലെ കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസ് അന്വേഷണത്തെ തുടർന്നാണ് അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ നിരവധി ക്ഷേത്രങ്ങൾ തീവ്രവാദ സംഘടനയുടെ നിരീക്ഷണത്തിൽ ആണെന്നും എൻഐഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
RC-01/2022/NIA/CHE കേസിൽ ഏജൻസി കഴിഞ്ഞ ആഴ്‌ച സമർപ്പിച്ച കുറ്റപത്രത്തിൽ, ഷെയ്ഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ്, പവാസ് റഹ്മാൻ, ശരൺ മാരിയപ്പൻ, അബൂ ഹനീഫ എന്നിവരുൾപ്പെടെ നാല് പേർ തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ അരുൾമിഗു കോട്ടൈ സംഗമേശ്വരർ തിരുക്കോവിൽ എന്ന ക്ഷേത്രത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ധനസഹായം നൽകിയെന്നാണ് കണ്ടെത്തൽ.
കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടന കേസിൽ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. 2021- 2022ൽ ഹിദായത്തുല്ലയും ഉമർ ഫാറൂഖും വ്യാജ കൊവിഡ് വാക്‌സിൻ തട്ടിപ്പ് നടത്തിയതായും, തട്ടിപ്പിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് സ്ഫോടക വസ്‌തുക്കള്‍ ശേഖരിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
ഇസ്‌ലാമിക രാഷ്ട്രം ലക്ഷ്യമിടുന്ന സലഫി- ജിഹാദി പ്രത്യയശാസ്ത്രം
സലഫി- ജിഹാദിസം, ജിഹാദി സലഫിസം, വിപ്ലവ സലഫിസം എന്നൊക്കെ അറിയപ്പെടുന്ന സലഫി ജിഹാദി ഇസ്‌ലാമിക രാഷ്ട്രം ലക്ഷ്യമിടുന്ന സലഫി- ജിഹാദി പ്രത്യയ ശാസ്ത്രമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ജിഹാദി സലഫിസം പലപ്പോഴും യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തിനെതിരെ തീവ്രവാദ പ്രവര്‍ത്തനത്തിൽ ഏര്‍പ്പെടാൻ നിര്‍ബന്ധിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.