ഗാസയിലെ ഇസ്രയേലിന്‍റെ ക്രൂരതകൾക്ക് അറുതിയില്ല. വീണ്ടും സാധാരണക്കാർക്ക് നേരെ നടന്ന വ്യോമ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും ദേർ അൽ- ബലാഹിലും വെള്ളിയാഴ്‌ച പുലർച്ചെ വരെ നീണ്ട ബോംബിങ്ങിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്.
മരിച്ചവരിൽ 48 പേരുടെ മൃതദേഹങ്ങൾ ഇന്തോനേഷ്യൻ ആശുപത്രിയിലേക്കും 16 പേരുടെ മൃതദേഹങ്ങൾ നാസർ ആശുപത്രിയിലേക്കും മാറ്റിയതായി അധികൃതർ പറഞ്ഞു.
പതിനായിരങ്ങൾ കൊല്ലപ്പെട്ടിട്ടും ഗാസ മുനമ്പിൽ രൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രയേൽ. വ്യാഴാഴ്‌ച മുതൽ നടക്കുന്ന അക്രമണങ്ങളിലായി 115 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനിസിന്‍റെ തെക്കൻ നഗരത്തിൽ നിന്നും പലായനം ചെയ്‌തവർ അഭയം പ്രാപിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇവിടെ 61 പേരാണ് കൊല്ലപ്പെട്ടത്. അതിൽ മുപ്പത്തിയാറ് പേരും കുട്ടികളാണ്.