ഹമാസ് ആയുധം താഴെ വെച്ച് ഗാസയിൽ നിന്ന് പുറത്തുപോയാൽ, ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇസ്രായേൽ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 15 മാസത്തെ ആക്രമണങ്ങൾക്ക് ശേഷം ജനുവരിയിൽ ഇസ്രയേലും ഹമാസ് തീവ്രവാദി ഗ്രൂപ്പും ദുർബലമായ മൂന്ന് ഘട്ട വെടിനിർത്തലിന് സമ്മതിച്ചു.
പക്ഷെ , മാർച്ച് പകുതിയോടെ, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ നടപ്പാക്കുന്നതിനുമുള്ള ഹമാസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സംഘർഷഭരിതമായ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണങ്ങളും കര പ്രവർത്തനങ്ങളും പുനരാരംഭിച്ചു.
ശനിയാഴ്ച, ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥരിൽ നിന്ന് പുതിയ വെടിനിർത്തൽ നിർദ്ദേശം സ്വീകരിച്ചതായി ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥൻ ഖലീൽ അൽ-ഹയ്യ പറഞ്ഞു. അതേ ദിവസം തന്നെ, നിർദ്ദേശത്തിന്റെ കരട് ലഭിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു. കൂടാതെ ഒരു എതിർ വാഗ്ദാനം ഇസ്രായേൽ നൽകിയതായും പറഞ്ഞു, എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
ഹമാസ് യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ നിന്ന് പിന്മാറിയാൽ ഗാസയിലെ ഉപരോധം അവസാനിപ്പിക്കുന്ന വെടിനിർത്തലിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങാൻ ഇസ്രായേൽ തയ്യാറാണെന്ന് നെതന്യാഹു ഞായറാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ശനിയാഴ്ച ചേർന്ന ഇസ്രായേൽ മന്ത്രിസഭാ യോഗം ഹമാസിന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ പ്രേരിപ്പിക്കാൻ ഇത് സഹായിച്ചു. വെടിനിർത്തൽ വിജയിച്ചാൽ ഗാസയുടെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു.