ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധത്തെ തുടർന്ന് 57 പാലസ്‌തീനികള്‍ പട്ടിണി കിടന്ന് മരിച്ചതായി ഗാസ മുനമ്പിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും വഹിച്ചു കൊണ്ടുള്ള ട്രക്കുകള്‍ ഗാസയുടെ അതിര്‍ത്തികളില്‍ നിരന്നു കിടക്കുകയാണ്. ഇവയെ പ്രവേശിക്കാൻ ഇസ്രയേൽ അനുവദിക്കുന്നില്ല.
ശനിയാഴ്‌ച പുലര്‍ച്ചെ മുതല്‍ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 45 പാലസ്‌തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍, സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും മനുഷ്യാവകാശ വക്താക്കളും ഗാസയിലേക്ക് തടസമില്ലാത്ത പ്രവേശനം നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഇസ്രായേൽ ആക്രമണത്തില്‍ 52,495 പാലസ്‌തീനികള്‍ കൊല്ലപ്പെടുകയും 1,18,366 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. അതേസമയം മരണസംഖ്യ 61,700 ല്‍ കൂടുതലായി ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറയുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ആയിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്തിയാണിത്. 2023 ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടതായും 200ല്‍ അധികംപേര്‍ തടവിലാക്കപ്പെട്ടതായും കണക്കാക്കപ്പെടുന്നു.