|ശ്രീകാന്ത് പികെ
ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് പടക്കം പൊട്ടിക്കുകയും ചെയ്ത കാഴ്ച്ച.
കേരളം എന്നും അറപ്പോടെ മാത്രം കണ്ടിരുന്ന ഈ തീവ്ര വലത് മതവർഗ്ഗീയ കൂട്ടം ഒരു പാർടി ഓഫീസിന് മുന്നിൽ നിന്ന് പടക്കം പൊട്ടിച്ച് ഒരു തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നുണ്ടെങ്കിൽ ആ പാർടി ഓഫീസും ആ പാർടിയും അവരെ അലോസരപ്പെടുത്തുന്ന, അവരുടെ നേർ വിപരീതം നിൽക്കുന്ന രാഷ്ട്രീയം കൈയ്യാളുന്നവരാണെന്നത് അവർ സമൂഹത്തോട് കൂടി വിളിച്ചു പറഞ്ഞതാണ്.
ആയിരം തെരഞ്ഞെടുപ്പുകൾ തോറ്റാലും ഒരു വർഗ്ഗീയ – തീവ്രവാദ കൂട്ടവും നമ്മൾക്കായി ജയ് വിളിക്കാതിരിക്കുക എന്നതാണ് നമ്മളീ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ പ്രാഥമികമായി പുലർത്തുന്ന ജാഗ്രത. കേരളത്തിൽ ഒരു കോൺഗ്രസ് – യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ഒരു വർഗ്ഗീയ സംഘടന ഇത്രയും പരസ്യമായി രംഗത്ത് വന്നിട്ടും അത്രമേൽ ശാന്തമായി മുന്നോട്ട് പോകുന്ന നമ്മുടെ സോ കോൾഡ് നിഷപക്ഷ പൊതുബോധം ഭയപ്പെടുത്തുന്നത് കൂടിയാണ്.
ഒരേ സമയം ഇസ്ലാമിക വർഗ്ഗീയ വാദികളുടെയും ഹിന്ദുത്വ വർഗ്ഗീയ വാദികളുടേയും വോട്ടുകൾ പെട്ടിയിലാക്കാൻ സാധിക്കുന്ന വലതുപക്ഷത്തിന്റെ മെയ് വഴക്കം നോക്കി അതിശയിച്ചിട്ട് കാര്യമില്ല. ലോകത്തെവിടെയും അതാണാ രാഷ്ട്രീയം. കേരളത്തിൽ കോൺഗ്രസിനെയാരും ജയിപ്പിക്കുന്നില്ല എന്നാണല്ലോ പറയുക, ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതേയുള്ളൂ. രാഹുൽ മാങ്കൂട്ടത്തിലിനും, യു.ഡി.എഫിനും അഭിനന്ദനങ്ങൾ.
തുടർച്ചയായി എട്ടാമത്തെ വർഷത്തിലേക്ക് കടന്ന ഇടത് മുന്നണി ഭരണത്തിലും, നാട്ടിലെ സകല മുഖ്യധാരകൾ മുതൽ ഒരു ലക്ഷം വീശിയാൽ ഉദയം ചെയ്യുന്ന പുതിയ യു ട്യൂബ് ചാനലുകളിൽ വരെ സർക്കാരിനും പാർടിക്കുമെതിരെ വെറുപ്പ് തുപ്പിയിട്ടും ഇടത് മുന്നണിയുടെ കോർ വോട്ടുകൾക്ക് ഇളക്കം തട്ടിയിട്ടില്ല എന്നത് കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം ചൂണ്ടി കാണിക്കുന്നത്.
ഇടത് മുന്നണിയുടെ കോർ വോട്ടുകൾ അങ്ങനെ തന്നെ നിലനിൽക്കുകയും ബിജെപി – കോൺഗ്രസ് വോട്ടുകൾ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ് ആവുകയും ചെയ്യുന്നു. അതിന്റെ കൂടെ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുടെ മത വിശ്വാസത്തെ ചൂഷണം ചെയ്ത് കൊണ്ടുള്ള കൈ സഹായം കൂടിയാകുമ്പോൾ ഇടത് വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കപ്പെടുന്നു.
ലോകസഭാ തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥി മാസങ്ങൾക്കുള്ളിൽ നിയമ സഭയിൽ മത്സരിക്കുമ്പോൾ, പ്രത്യേകിച്ച് ഒരു സ്ത്രീ കൂടിയാകുമ്പോൾ ജനങ്ങൾക്കിടയിൽ ഒരു സഹതാപമൊക്കെ വർക്ക് ചെയ്യുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട് കേരളത്തിൽ. എന്നിട്ടും ചേലക്കരയിൽ ഇടത് മുന്നണി തിളക്കമാർന്ന വിജയം നേടി. രമ്യ ഹരിദാസും യു.ഡി.എഫും ഒരു പഞ്ചായത്തിൽ പോലും മുന്നിലെത്തിയില്ല, ഒരു ഘട്ടത്തിലും ഒരു വെല്ലുവിളി ഉയർത്താൻ അവർക്ക് സാധിച്ചുമില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ ഇടത് മുന്നണിയുമായി നേരിട്ടൊരു രാഷ്ട്രീയ മത്സരം നടന്ന മണ്ഡലം ചേലക്കര മാത്രമാണ് എന്നതും ഓർക്കേണ്ടതുണ്ട്.
ഇക്കണ്ട കുപ്രചരണങ്ങൾ മുഴുവൻ നടത്തിയിട്ട് പോലും നാട്ടുകാർക്ക് ഇടത് മുന്നണിയോടോ കമ്യൂണിസ്റ്റ് പാർടിയോടൊ പ്രത്യേകിച്ച് ദേഷ്യമോ പ്രയാസമോ ഒന്നുമില്ല. അങ്ങനെ വല്ലതുമുണ്ടെങ്കിൽ തന്നെ അവരത് ലോകസഭാ തെരഞ്ഞെടുപ്പോടെ തീർക്കുകയും ചെയ്തു. തങ്ങളുടെ കോർ വോട്ടുകൾ നില നിർത്തുന്നതിനോടൊപ്പം തന്നെ ന്യൂട്രൽ വോട്ടർമാരെ കൂടി കൂടെ കൂട്ടാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നത് മാത്രമേ ഇടത് പക്ഷത്തിന് ചെയ്യേണ്ടതായുള്ളൂ.
ഏതായാലും കേരള രാഷ്ട്രീയത്തിൽ മറ്റൊരു ദശാസന്ധിക്ക് തുടക്കമിട്ട കോൺഗ്രസ് – യു.ഡി.എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്. പഠന കാലത്ത് അടിയുറച്ച കമ്യൂണിസ്റ്റ് വിരുദ്ധനായ സമസ്ത പ്രവർത്തകനായ ഒരു ലീഗ് സുഹൃത്തുണ്ടായിരുന്നു. സി.പി.ഐ.എമ്മിന് വോട്ട് ചെയ്യേണ്ടി വന്നാൽ പോലും സുഡാപ്പികൾക്ക് വോട്ട് ചെയ്യില്ലെന്ന് 2015-ലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ അയാൾ പറഞ്ഞതോർമ്മയുണ്ട്.
രാഷ്ട്രീയ ഇസ്ലാമിസത്തെ അത്രമേൽ വെറുത്ത് പുറത്ത് നിർത്തിയിരുന്ന അതേ പാരമ്പര്യ മുസ്ലീങ്ങളാണ് യു.ഡി.എഫിന്റെ എല്ലാ കാലത്തെയും അടിയുറച്ച വോട്ട് ബാങ്ക്. അവിടെ നിന്നാണ് SDPI പോലൊരു വർഗ്ഗീയ സംഘടനയുമായി അതേ യു.ഡി.എഫ് സഖ്യത്തിലേർപ്പെടുന്നത്.
സി.പി.ഐ.എമ്മിനേയും ബിജെപിയേയും ബന്ധിപ്പിച്ച് സി.ജെ.പി എന്നൊക്കെ ലാബൽ ചെയ്യാനായിരുന്നു സൈബർ യു.ഡി.എഫ് ശ്രമിച്ചിരുന്നത്. എന്നാൽ പാലക്കാട് ബിജെപി വോട്ടുകൾ പോയത് മുഴുവൻ കോൺഗ്രസിലേക്കാണ്. സി.ജെ.പി എന്നത് കോൺഗ്രസ് ജനതാ പാർടി എന്നാണ് അവർ ഉദ്ദേശിച്ചു കാണുക. അത് പോലെ വേണമെങ്കിൽ സുഡിഎഫ് എന്നോ, UDPI എന്നോയൊക്കെ തരം പോലെ മുന്നണി പേര് മാറ്റാവുന്നതും കൂടെ പരിഗണിക്കാവുന്നതാണ്.