2,434 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ജയ് കോർപ്പറേഷൻ ലിമിറ്റഡിനും അതിൻ്റെ ഡയറക്‌ടർ ആനന്ദ് ജെയിനിനും എതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസ് രജിസ്റ്റർ ചെയ്‌തു. ബോംബെ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസിൽ അർബൻ ഇൻഫ്രാ സ്ട്രക്ച്ചർ വെഞ്ച്വർ ക്യാപിറ്റൽ, അർബൻ ഇൻഫ്രാ സ്ട്രക്ചർ ട്രസ്റ്റീസ് ലിമിറ്റഡ്, മറ്റ് കക്ഷികൾ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ടിൽ പറയുന്നു.
പൊതുഫണ്ട് വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്‌തതായും നിക്ഷേപകരെ വഞ്ചിച്ചതായും നികുതി താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഷെൽ കമ്പനികൾ വഴി ഫണ്ട് തട്ടിയെടുത്തതായും സംശയ ആസ്‌പദമായ ഇൻവോയ്‌സുകൾ സൃഷ്‌ടിച്ചതായും ആരോപിച്ച് ആക്ടിവിസ്റ്റ് ഷോയിബ് റിച്ചി സെക്വീര കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്‌തിരുന്നു.
ജെയ്ൻ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്ന് ജയ് കോർപ്പറേഷൻ ലിമിറ്റഡ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപകരിൽ നിന്നും ലഭിച്ച 4,255 കോടി രൂപ വഞ്ചനാപരമായി ദുരുപയോഗം ചെയ്‌തതായി ആരോപിക്കപ്പെട്ടു.
2021 ഡിസംബറിലും 2023 ഏപ്രിലിലും മിസ്റ്റർ സെക്വീറ മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലും (EOW) എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിലും രണ്ട് പരാതികൾ നൽകി. പിന്നീട്, നടപടി 2023ൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.
കഴിഞ്ഞ വർഷം സിബിഐക്ക് നൽകിയ കത്തിൽ ദേശസാൽകൃത ബാങ്കുകൾ, മൗറീഷ്യസ് ആസ്ഥാനമായുള്ള ഇക്വിറ്റി ഫണ്ട്, യുഎസ്എ, ഓസ്‌ട്രേലിയ, യുഎഇ എന്നിവയുമായുള്ള അതിർത്തി കടന്നുള്ള ഇടപാടുകൾ എന്നിവ ഉൾപ്പെടുന്ന ആയിരക്കണക്കിന് കോടി രൂപയുടെ കുറ്റകൃത്യങ്ങൾ ഒന്നിലധികം അധികാര പരിധികളിലായി നടന്നിട്ടുണ്ടെന്ന് ഇഒഡബ്ല്യു പറഞ്ഞു.
ജയ് കോർപ്പറേഷൻ സ്റ്റീൽ, പ്ലാസ്റ്റിക് സംസ്‌കരണം, നൂൽ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.