അമേരിക്കൻ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർക്ക് ചൊവ്വാഴ്ച 100 വയസ്സ് പൂർത്തിയായി. 100 വയസ്സ് തികക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻ്റ് എന്ന ബഹുമതിയും ജിമ്മി കാർട്ടർ സ്വന്തമാക്കി. 1977 മുതൽ 1981വരെ അമേരിക്കയുടെ 39-ാമത് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച കാർട്ടർ, 1924 ഒക്ടോബർ 1ന് ജോർജ്ജിയയിലെ പ്ലെയിൻസിലാണ് ജനിച്ചത്. ഇതുവരെ ഏറ്റവും കൂടുതൽ കാലം ജീവിച്ച മറ്റ് അമേരിക്കൻ പ്രസിഡൻ്റുമാർ 94-ാം വയസ്സിൽ അന്തരിച്ച ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷും, 93 വയസ്സ് വരെ ജീവിച്ചിരുന്ന റൊണാൾഡ് റീഗനും, ജെറാൾഡ് ഫോർഡുമാണ്.
കാർട്ടറുടെ പ്രവർത്തനം ജനാധിപത്യം, സമാധാനം, ആഗോള വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെട്ടു. പ്രസിഡൻറ് പദവിയിൽ നിന്നു വിരമിച്ച ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാർട്ടർ, 2002ൽ സമാധാനത്തിനുള്ള നോബേൽ പുരസ്കാരവും സ്വന്തമാക്കി. അന്താരാഷ്ട്ര സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണുക, ജനാധിപത്യവും മനുഷ്യാവകാശങ്ങളും മുന്നോട്ട് കൊണ്ടുപോകുക, സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഇടപെടലുകൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.
2015ൽ, കാർട്ടറിന് തലച്ചോറിലേക്ക് പടർന്ന ക്യാൻസർ കണ്ടെത്തിയിരുന്നു. ആരോഗ്യ വിവരങ്ങൾക്ക് മദ്ധ്യേ, അദ്ദേഹം വരാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കാത്തിരിക്കുകയാണെന്ന് ജിംമിയുടെ ചെറുമകൻ ജേസൺ കാർട്ടർ വ്യക്തമാക്കി. പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന് ജിമ്മി കാർട്ടർ നേരത്തേ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.























