ലോകം വലിയൊരു മഹാവിപത്തിലേക്ക് അടുക്കുകയാണെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. മനുഷ്യരാശി നേരിടുന്ന ആഗോള ഭീഷണികളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന ഒരു പ്രതീകാത്മക ക്ലോക്കാണ് ഡൂംസ്‌ഡേ ക്ലോക്ക് (Doomsday Clock). ഇതൊരു യന്ത്രമല്ല, മറിച്ച് ലോകം എത്രത്തോളം സുരക്ഷിതമാണ് എന്ന് അളക്കാനുള്ള ഒരു മാനദണ്ഡമാണ്. 1947-ൽ ആൽബർട്ട് ഐൻസ്റ്റൈൻ ഉൾപ്പെടെയുള്ള പ്രശസ്ത ശാസ്ത്രജ്ഞർ ചേർന്ന് രൂപീകരിച്ച ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് എന്ന സംഘടനയാണ് വർഷംതോറും ഇതിലെ സമയം നിശ്ചയിക്കുന്നത്.
ഈ ക്ലോക്കിലെ അർധരാത്രി (12.00 am) എന്നത് ലോകാവസാനത്തെയോ മനുഷ്യരാശിയുടെ നിലനിൽപ്പ് അപകടത്തിലാക്കുംവിധമുള്ള മഹാദുരന്തത്തെയോ ആണ് സൂചിപ്പിക്കുന്നത്. ക്ലോക്കിലെ സൂചി അർധരാത്രിയോട് അടുക്കുംതോറും ലോകം വലിയ അപകടത്തോട് അടുക്കുകയാണെന്ന് അർത്ഥമാക്കുന്നു. നിലവിലെ ക്രമീകരണമനുസരിച്ച്, ഡൂംസ്‌ഡേ ക്ലോക്കിൽ വിനാശത്തിന്റെ അർധരാത്രിയാവാൻ വെറും 85 സെക്കൻഡ് മാത്രമാണ് ബാക്കിയുള്ളത്. ചരിത്രത്തിലാദ്യമായാണ് ഈ ക്ലോക്ക് അർധരാത്രിയോട് ഇത്രയും അടുക്കുന്നത് എന്നത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
സമീപകാലത്തെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരമൊരു മാറ്റത്തിന് പ്രധാന കാരണം. യു.എസ്., ചൈന, റഷ്യ പോലുള്ള ആണവ ശക്തികൾ അപകടകരമായ വിധത്തിൽ സംഘർഷത്തിലേർപ്പെടുന്നത് ലോകസമാധാനത്തിന് ഭീഷണിയാണ്. റഷ്യ-യുക്രൈൻ യുദ്ധം, ഇറാൻ, ഗ്രീൻലൻഡ് എന്നിവിടങ്ങളിലെ യു.എസ്. ഇടപെടൽ, കൂടാതെ യൂറോപ്പ്, ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ ആഗോള ശക്തികളുമായുള്ള അമേരിക്കയുടെ ബന്ധം വഷളായത് എന്നിവയെല്ലാം സൂചി അർധരാത്രിയോട് അടുക്കാൻ കാരണമായി.
ആധുനിക ലോകം നേരിടുന്ന മറ്റ് വെല്ലുവിളികളും ഈ സമയമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. അനിയന്ത്രിതമായ രീതിയിലുള്ള എ.ഐ. (AI) ഉപയോഗവും അതിവേഗം സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിയുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയുയർത്തുന്നു. ഇതിനുപുറമെ ആഗോള ജൈവ ഭീഷണികളും ലോകത്തെ വിനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ദുരന്തസാധ്യതകൾ വർധിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കുറയുകയും ചെയ്യുന്ന അവസ്ഥയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
മഹാവിപത്ത് ഒഴിവാക്കാൻ ലോകരാഷ്ട്രങ്ങൾ ഒത്തൊരുമിച്ച് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആണവായുധ ശേഖരം പരിമിതപ്പെടുത്തുന്നതിനും എ.ഐ.യുടെ ഉപയോഗത്തെക്കുറിച്ച് അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനും മുൻഗണന നൽകണം. “നമുക്ക് സമയം അതിവേഗം നഷ്ടപ്പെടുകയാണ്, മാറ്റം അനിവാര്യവും സാധ്യവുമാണ്” എന്നാണ് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ് നൽകുന്ന സന്ദേശം. ലോകസമൂഹം തങ്ങളുടെ നേതാക്കളിൽനിന്ന് ഉടനടി നടപടി ആവശ്യപ്പെടണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.























