രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിൽ എത്തിയത് ടൂറിസം വകുപ്പിൻ്റെ ക്ഷണത്തില്‍. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. ടൂറിസം വകുപ്പിൻ്റെ വിവരാവകാശ മറുപടി പുറത്ത്.
ടൂറിസം വകുപ്പ് പണം നല്‍കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പ്. ടൂറിസത്തിൻ്റെ പുനരുജീവനമായിരുന്നു ലക്ഷ്യം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് പട്ടികയില്‍പ്പെടുത്തി 41 പേരെ എത്തിച്ചതില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിഥി ആയിരുന്നില്ല ഇവര്‍.
വകുപ്പ് സംഘടിപ്പിച്ച എൻ്റെ കേരളം- എത്ര സുന്ദരം- ഫെസ്റ്റിവല്‍ ക്യാമ്പയിൻ എന്ന പരിപാടിയില്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിൻ്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതിന് കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്.
പ്രതികരണവുമായി മന്ത്രി
ചാര പ്രവർത്തി ചെയ്യുന്നവരെ ബോധപൂർവ്വം കൊണ്ടുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. ചാരപ്രവർത്തിയാണ് ഗുരുതരമുള്ള വിഷയമാണെന്നും വസ്‌തുതകൾ അന്വേഷിച്ചു വേണം വാർത്ത നൽകാൻ. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാർത്ത നൽകേണ്ടതെന്നും മാധ്യമങ്ങളെ പഴിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
കെ സുരേന്ദ്രന് രാഷ്ട്രീയ അജണ്ട ഉണ്ടാകുമെന്നും മാധ്യമങ്ങൾ അതനുസരിച്ച് വാർത്ത നൽകരുതെന്നും ഇത്തരം പ്രചരണത്തോട് പുല്ല് വിലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ടൂറിസം വകുപ്പ് 41 വ്‌ളോഗർമാരെ കേരളത്തിലേക്ക് ക്ഷണിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ഉള്ള സൗകര്യം, വേതനം, ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഒരുക്കി. സ്വകാര്യ ഏജൻസിക്ക് ഇതിനുള്ള കരാറും സർക്കാർ നൽകിയിരുന്നു.
വയനാടിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2024 ജനുവരി മുതൽ 2025 മെയ് വരെയാണ് വ്ലോഗർമാരെ ക്ഷണിച്ചിരുന്നത്. ഇതിൽ ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയും ഉൾപ്പെട്ടു. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്ത് വന്നത്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























