19 May 2024

കോൺഗ്രസിൽ കെ സുധാകരനും വിഎം സുധീരനും തമ്മില്‍ പോര് മുറുകുന്നു

തികച്ചും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കെപിസിസി അധ്യക്ഷന്‍ പറയുന്നതെന്നും സുധാകരൻ നടത്തിയിട്ടുള്ള പ്രതികരണം തെറ്റിദ്ധാരണജനകമെന്നും വിഎം സുധീരന്‍ പ്രതികരിച്ചു.

കേരളത്തിലെ കോൺഗ്രസിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിഎം സുധീരനും തമ്മില്‍ പോര് മുറുകുന്നു. വിഎം സുധീരൻ നടത്തിയ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്നും മറുപടി പറയാതെ അവ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. മാത്രമല്ല സുധീരന്റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സയുടെ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് പോകും മുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

നിലവിൽ സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി സുധീരനും രംഗത്തെത്തിയിട്ടുണ്ട്. തികച്ചും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കെപിസിസി അധ്യക്ഷന്‍ പറയുന്നതെന്നും സുധാകരൻ നടത്തിയിട്ടുള്ള പ്രതികരണം തെറ്റിദ്ധാരണജനകമെന്നും വിഎം സുധീരന്‍ പ്രതികരിച്ചു. ഒരിക്കലും കോൺഗ്രസ് പാര്‍ട്ടി വിട്ടു എന്ന് താന്‍ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് താനാണെന്നും ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കില്ലായിരുന്നെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനാ തെരഞ്ഞെടുപ്പിൽ കഴിവ് നോക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. അതില്‍ താന്‍ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോള്‍ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സുധാകരനോട് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ലെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ലെന്നും സുധീരന്‍ ആരോപിച്ചു.

ദേശീയ നേതാവായ രാഹുല്‍ ഗാന്ധിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും രണ്ട് വര്‍ഷമായി ഒന്നിനും പരിഹാരമായില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പുകള്‍ ആയി. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍ വന്നതോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചതെന്നും സുധീരന്‍ പ്രതികരിച്ചു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News