ജിആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് കാപ്പ.
കേരളാ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന നോവലാണിത്. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
സിനിമാ സംഘടനയായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കപ്പയ്ക്കുണ്ട്. നിർമ്മാണ കമ്പനിയായ തിയേറ്റർ ഓഫ് ഡ്രീംസുമായി സഹകരിച്ച് റൈറ്റേഴ്‌സ് യൂണിയനാണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ന് റിലീസ് ചെയ്ത സിനിമയുടെ ആദ്യ പ്രതികരണങ്ങൾ പുറത്തുവരുമ്പോൾ എങ്ങും മികച്ച അഭിപ്രായങ്ങളാണ്. ഇതുവരെ കണ്ടുവന്നിരുന്ന ഷാജി കൈലാസിന്റെ ടിപ്പിക്കൽ മാസ് സിനിമ മാത്രമല്ല കാപ്പ. അഭിമുഖങ്ങളിൽ എല്ലാം പൃഥ്വിരാജ് സൂചിപ്പിച്ചതുപോലെ ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ഇതിൽ കാണാം എന്നത് സത്യമായി മാറി.
ഒരു ഷോട്ട് മേക്കിങ്ങിൽ പോലും വ്യത്യസ്തത പുലർത്താൻ നിർബന്ധപൂർവമായ ശ്രമം ചിത്രത്തിൽ ഉടനീളം കാണാം. അതിന് വലിയ കയ്യടിയും പ്രേക്ഷകർ നൽകുന്നുണ്ട്. നായക കേന്ദ്രീകൃതമായി ഈ സിനിമയ്ക്ക് മാസ്സ് അപ്പീൽ മാത്രമല്ല , ഇമോഷണൽ രീതിയിലും ചിത്രം അതേ നിലയ്ക്ക് മുന്നോട്ട് പോകുന്നുണ്ട്.
അഭിനേതാക്കളുടെ പ്രകടനങ്ങൾ ഒരു നിരാശയും സമ്മാനിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജ് തകർത്തിട്ടുണ്ട്. അതേപോലെ തന്നെ നായികമാരിൽ അപർണ ബാലമുരളിയുടെയും അന്ന ബെന്നിന്റെയും പ്രകടനവും കയ്യടി നേടുന്നതാണ്.
രണ്ടാം ഹീറോയായ ആസിഫ് അലിയുടെ പ്രകടനത്തിലും സംതൃപ്തി പ്രേക്ഷകർ രേഖപ്പെടുത്തിയെങ്കിലും ഡയലോഗ് ഡലിവെറിയിൽ ചെറിയൊരു അപാകതയും പ്രേക്ഷകർ നൽകുന്നു. തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുന്ന രീതിയിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. സഹനടന്മാരായി ജഗദീഷും ദിലീഷ് പോത്തനും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്.























