തമിഴ്‌നാട്ടിൽ നിന്നും കമൽഹാസൻ രാജ്യസഭയിലേക്ക് എന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. ഈ വരുന്ന ജൂലൈയിൽ സംസ്ഥാനത്തിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ അദ്ദേഹം മത്സരിക്കും. ഭരണകക്ഷിയായ ഡിഎംകെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നൽകുമെന്ന് നേരത്തെ ഡിഎംകെ ഉറപ്പു നൽകിയിരുന്നു.
ഇപ്പോഴുള്ള അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്ക് രാജ്യസഭയിലേക്ക് ജയിപ്പിക്കാൻ സാധിക്കും . മക്കൾ നീതി മയ്യത്തിൽനിന്നും കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു ഈ വിഷയത്തിൽ കൂടിക്കാഴ്ച നടത്തി. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. പകരം ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു.
അതിനെല്ലാം പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. നിലവിലെ എംപിമാരായ എൻ. ചന്ദ്രശേഖരൻ (എഐഎഡിഎംകെ), അൻബുമണി രാംദാസ് (പിഎംകെ), എം. ഷൺമുഖം, വൈകോ, പി. വിൽസൺ, എം. മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ) എന്നിവരുടെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കുകയാണ്.