കേരളത്തിലെ വിദേശ മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ ‘മലബാർ ബ്രാണ്ടി’ ബ്രാൻഡുമായി സംസ്ഥാന സർക്കാർ എത്തുന്നു . മലബാർ ഡിസ്റ്റിലറിയിൽ നിന്നും ഈ വർഷം ഓണത്തിന് പുതിയ മദ്യം വിപണിയിലെത്തും. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡായ ജവാൻ റമ്മിന് പിന്നാലെയാണ് മലബാർ ബ്രാണ്ടി വിപണിയിലെത്തിക്കാൻ സർക്കാർ തീരുമാനം.
മാത്രമല്ല, വിലകുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് കണക്കിലെടുത്ത് പുതിയ ബ്രാൻഡ് ഉത്പാദിപ്പിക്കാൻ നേരത്തേ തന്നെ സർക്കാർ തലത്തിൽ ആലോചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. നിലവിൽ മലബാർ ബ്രാണ്ടി പുറത്തിറക്കുന്നതിനായി ബോർഡിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.
മലബാർ ഡിസ്റ്റിലറിയിൽ നിന്നാണ് മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം ഉത്പ്പാദിപ്പിക്കുക. സർക്കാർ ഉത്തരവും ബോർഡ് അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി. ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ ഒന്ന് മുതൽ ആരംഭിക്കും. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. ആദ്യഘട്ടമായ സിവിൽ ആൻഡ് ഇലക്ട്രിക് പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കും.