2025ല്‍ ടൂറിസത്തിന് കീഴില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. മന്ത്രി പിഎ മുഹമ്മദ് റിയാസിൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പുരോഗമിക്കുന്നതും തുടങ്ങേണ്ടതുമായ പ്രവൃത്തികളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്‌തു.
പുരോഗമിക്കുന്ന പദ്ധതികളില്‍ പൂര്‍ത്തീകരിക്കാനാകുന്ന പദ്ധതികള്‍ക്ക് കൃത്യമായ സമയക്രമം നിശ്ചയിച്ച് മുന്നോട്ടുപോകാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഓരോ പ്രവൃത്തിയുടെ ഓരോ സ്റ്റേജിലും കൃത്യമായ സമയം നിശ്ചയിക്കണം. ഇത് പ്രാവര്‍ത്തികമായെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കാനും നിശ്ചയിച്ചു.
ഓണാഘോഷം, ചാമ്പ്യന്‍സ് ബോട്ട്ലീഗ്, ന്യൂഇയര്‍ ലൈറ്റിംഗ്, ബേപ്പൂര്‍ ഫെസ്റ്റ് തുടങ്ങി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കുള്ള ഇവന്റ് കലണ്ടറും നേരത്തെ തന്നെ പുറത്തിറക്കും. ഈ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിൻ്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളം അംഗീകരിച്ച പദ്ധതികളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും പ്രത്യേക സംവിധാനമുണ്ടാക്കും.
ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ അവതരിപ്പിക്കപ്പെട്ട കൂടുതല്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. മേല്‍പ്പാലങ്ങള്‍ക്ക് കീഴിലുള്ള വി-പാര്‍ക്കുകള്‍ സംസ്ഥാന വ്യാപകം ആക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും യോഗം അംഗീകരിച്ചു. വി-പാര്‍ക്ക് നിര്‍മ്മാണ പദ്ധതികളുടെ നിര്‍വ്വഹണ ചുമതല കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കും. യോഗത്തില്‍ ടൂറിസം സെക്രട്ടറി കെ ബിജു ഐ.എ.എസ്, ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഐഎഎസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.