കേരളത്തിലെ ജനസംഖ്യ നിരക്ക് അപകടകരമായ തോതില്‍ കുറയുന്നു എന്ന് കണക്കുകൾ പറയുന്നു . ഇതിന്റെ സൂചനകള്‍ സ്‌കൂളുകളില്‍ പ്രതിഫലിച്ചു തുടങ്ങി. ആകെ 25 കുട്ടികള്‍ പോലുമില്ലാത്ത 1200 വിദ്യാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക്.
ഇതിൽ പത്തനംതിട്ട ജില്ലയില്‍ മാത്രം 25 ല്‍ താഴെ കുട്ടികളുള്ള 216 സ്‌കൂളുകളുണ്ട്. രണ്ടാം സ്ഥാനം കോട്ടയത്തിനാണ് – 168 സ്‌കൂളുകള്‍. സംസ്ഥാനത്ത് ജനസംഖ്യാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയും പത്തനംതിട്ടയാണ്. മലപ്പുറത്ത് 10 സ്‌കൂളുകളില്‍ മാത്രമാണ് 25ല്‍ താഴെ കുട്ടികളുള്ളത്.
കേരളത്തില്‍ സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. 2023- 24 അധ്യയന വര്‍ഷത്തില്‍ 25ല്‍ താഴെ കുട്ടികള്‍ ഉള്ള 961 സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2024- 25 ആയപ്പോഴേക്കും 1197 ആയി എണ്ണം വര്‍ദ്ധിച്ചു. സര്‍ക്കാര്‍ – എയ്ഡഡ് മേഖലയിലാണ് ഇത്തരം സ്‌കൂളുകളുടെ എണ്ണം കുടി വരുന്നത്.
25 ല്‍ താഴെ കുട്ടികള്‍ ഉള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ 452 എണ്ണവും എയ്ഡഡ് മേഖലയില്‍ 745 എണ്ണവുമുണ്ട്. ഇക്കൂട്ടത്തില്‍ 10 ല്‍ താഴെ കുട്ടികളുമായി പ്രവര്‍ത്തിക്കുന്ന 34 സര്‍ക്കാര്‍ സ്‌കൂളുകളും 160 എയ്ഡഡ് സ്ഥാപനങ്ങളുമുണ്ട്. കുട്ടികള്‍ കുറവുള്ള എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ടയിലാണ്. 152 എണ്ണമാണ് ഈ ജില്ലയിലുള്ളത്.