3 July 2024

വൈകാരിക ഭോഷ്ക്കുകളായ വിമർശനങ്ങൾ കോലിയെ ഉന്നംവച്ച ഏതാനും ആഴ്ചകളാണ് കടന്നുപോയത്

വിരാട് കോലിയെ ഇകഴ്ത്താൻ ഏറ്റവുമധികം ഉദ്യമിക്കുന്നവരിൽ നിരവധി പേർ സച്ചിൻ തെണ്ടുൽക്കർ ആരാധകരാണ് എന്നത് വലിയൊരു ട്രാജഡിയുമാണ്.

| പിജി പ്രേംലാൽ

ഇന്നലെ ഫൈനലിൽ ആദ്യത്തെ ഓവറിൽ 3 ബൗണ്ടറിയാണ് വിരാട് കോലി അടിച്ചുകൂട്ടിയത്. 5 ബോളിൽ 14 റൺസ്. ഈ ലോകകപ്പിൽ ഫോമിലല്ലാതിരുന്ന അതേ കോലി .പക്ഷേ അടുത്ത ഓവറിൽ രോഹിത് ശർമ്മ വെറും 9 റൺസിന് ഔട്ടാകുന്നു. അതേ ഓവറിൽ റൺസൊന്നുമെടുക്കാതെ ഋഷഭ് പന്തും പവിലിയനിലേക്ക് മടങ്ങുന്നു. വെറും 3 റൺസ് മാത്രമെടുത്ത് സൂര്യകുമാർ യാദവും മടങ്ങുമ്പോൾ ഇന്ത്യ 4.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ 34 റൺസ് .

അവിടെ നിന്നങ്ങോട്ട് നങ്കൂരമിട്ട് കളിക്കുകയാണ് കോലി ! താൻ കൂടി പുറത്തായാൽ ടീം ഇന്ത്യ കട്ടപ്പുറത്ത് കയറുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് അസ്ക്കർ പട്ടേലിന് കൈമാറിക്കൊണ്ട് ഏറ്റവും ഉത്തരവാദിത്വപൂർണ്ണമായ ഇന്നിംഗ്സ്. ക്രിക്കറ്റിൻ്റെ അനിശ്ചിതാവസ്ഥകളെയും സാഹചര്യങ്ങളെയും മനസ്സിലാക്കി, അതിനനുസരിച്ച് തൻ്റെ കളിയെ നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന മാസ്റ്റർക്ലാസ്സ് !

ആ ക്ലാസ്സിൻ്റെയും കളിയുടെയും മൂല്യമറിയാനുള്ള വകതിരിവില്ലാത്ത കുറേപേർ കോലി മെല്ലെ കളിച്ചതിനാൽ 200 റൺസ് എത്തിയില്ല എന്നൊക്കെ പഴിക്കുന്നത് കണ്ടു. ക്രിക്കറ്റിൻ്റെ പ്രവചനാതീതസ്വഭാവത്തെ കുറിച്ചും ഓരോ ഓവറിലും മാറിമറിയുന്ന ജയപരാജയസാദ്ധ്യതകളെക്കുറിച്ചും അതാത് സന്ദർഭങ്ങൾക്കനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കേണ്ട ഗെയിംപ്ലാനിനെ കുറിച്ചും ഏബിസിഡി അറിയാത്ത ആ വിവരദോഷികളെയെടുത്ത് ചവറ്റുകുട്ടയിലിട്ടേക്കുക.

വസ്തുതാപരമായി വിമർശിക്കണമെങ്കിൽ ആത്യന്തികമായി ഒരു വിഷയത്തെ കുറിച്ച് ഗ്രാഹ്യം ഉണ്ടായിരിക്കണം. അതില്ലാത്ത വൈകാരിക ഭോഷ്ക്കുകളായ വിമർശനങ്ങൾ കോലിയെ ഉന്നംവച്ച ഏതാനും ആഴ്ചകളാണ് കടന്നുപോയത്. കരിയറിൻ്റെ ഔന്നത്യത്തിൽ നില്ക്കുന്ന കാലത്ത് ഫോം മങ്ങിമങ്ങി അത്യന്തം നിറംകെട്ടുപോയി ഏറെ ക്രൂശിക്കപ്പെട്ട ഒന്നിലധികം കാലഘട്ടങ്ങൾ സച്ചിൻ തെണ്ടുൽക്കർ അഭിമുഖീകരിച്ചിട്ടുണ്ട്. സ്റ്റീവ് വോയുടെ അമ്മ സച്ചിനെ സമാധാനിപ്പിക്കുകയും ഈ കാലം കടന്നുപോകുമെന്ന് സാന്ത്വനിപ്പിക്കുകയും ചെയ്തതൊക്കെ അന്ന് വലിയ വാർത്തയായിരുന്നു.

ചരിത്രബോധമില്ലാത്ത ഫാൻസിനേക്കാൾ കോമഡി ഉലകത്തിൽ മറ്റൊന്നുമില്ല. വിരാട് കോലിയെ ഇകഴ്ത്താൻ ഏറ്റവുമധികം ഉദ്യമിക്കുന്നവരിൽ നിരവധി പേർ സച്ചിൻ തെണ്ടുൽക്കർ ആരാധകരാണ് എന്നത് വലിയൊരു ട്രാജഡിയുമാണ്. ഡാറ്റകളിൽ സച്ചിനെ പലതവണ രണ്ടാമതാക്കിയ കോലിയുടെ റെക്കോർഡുകളെ പുച്ഛിച്ചുതള്ളാൻ അവർ എപ്പോഴും പറയുന്നൊരു കാര്യം സച്ചിനെ പോലെ വിരാട് കോലിക്ക് ഷോയിബ് അക്തറെ പോലെയും കർട്ലി അംബ്രോസിനെ പോലെയുമുള്ള ബൗളർമാരെ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്.

ഇതേ ലോജിക് ഉപയോഗിച്ചാൽ , സുനിൽ ഗവാസ്കർ നേരിട്ട മാൽകം മാർഷൽ, ആൻഡി റോബർട്ട്സ്, ജെഫ് തോംസൺ, ഡെന്നിസ് ലിലി, മൈക്കൽ ഹോർഡിംഗ്, ജോയൽ ഗാർനർ, കോളിൻ ക്രോഫ്റ്റ് ഇത്യാദി മാരക പന്തേറുകാരെ സച്ചിൻ തെണ്ടുൽക്കർക്ക് നേരിടേണ്ടിവന്നില്ല എന്ന് സമ്മതിക്കേണ്ടി വരും.

അടുത്ത രണ്ടുവർഷം കഴിഞ്ഞുള്ള t20 ലോകകപ്പിലും കളിക്കാനുള്ള ഫിറ്റ്നസും പ്രതിഭയും കോലിയിലുണ്ട് ;ഏതാനും മാസങ്ങൾക്കു മുമ്പുമാത്രം സമാപിച്ച IPL -ലെ ടോപ്സ്കോറർ ഏതെങ്കിലും 18 വയസ്സുകാരൻ പയ്യനായിരുന്നില്ലല്ലോ ! പക്ഷേ കോലി t20 അവസാനിപ്പിക്കുന്നു.

അയാളുടെ രക്തത്തിനു വേണ്ടി ദാഹിച്ച വെട്ടുകിളികളേ…. നിങ്ങൾ അതിസമീപഭാവിയിലറിയും ഇന്ത്യൻ നിരയിൽ അങ്ങനെയൊരു മഹാപ്രതിഭയുടെ അസാന്നിദ്ധ്യത്തിൻ്റെ വിലയെന്തെന്ന്! ഈ ലോകപ്പിൻ്റെ ഫൈനൽ ദിനം അത് അരക്കിട്ടുറപ്പിക്കുന്ന കാഴ്ച തന്നെയാണ് സമ്മാനിച്ചതും

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News