2019ല്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, ലൈംഗികാതിക്രമം, ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതിന് പിന്നാലെയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്‌തത്.
ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രം എന്ന് സ്വയം പ്രഖ്യാപിച്ച് ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’ എന്ന് വിളിക്കപ്പെടുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ഈ രാജ്യത്തിൻ്റെ പ്രതിനിധികള്‍ 2023ല്‍ ഒരു യുഎന്‍ യോഗത്തില്‍ പങ്കെടുക്കുകയും ലോകമെമ്പാടുമുള്ള നിരവധി നേതാക്കളുമായി ഇടപഴകുകയും ചെയ്‌തു.
എന്നാല്‍, ഇന്ത്യയിലെ വിശാലമായ ഒരു മതസാമ്രാജ്യം ഉപേക്ഷിച്ച് നിത്യാനന്ദയെ അടുത്തിടെ നിര്‍ഭാഗ്യം പിന്തുടരുന്ന കാഴ്‌ചയാണ് കാണുന്നത്. കൈലാസയുടെ 20 പ്രതിനിധികളെ കഴിഞ്ഞയാഴ്‌ച ബൊളീവിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌തിരുന്നു. ആമസോണിൻ്റെ വിശാലമായ ഭൂപ്രദേശനത്തിനായി തദ്ദേശീയ സംഘടനകളുമായി ചേര്‍ന്ന് 1000 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പിട്ടുകൊണ്ട് ‘ഭൂമി കടത്ത്’ ആരോപിച്ചാണ് ഈ അറസ്റ്റ്.
ബൊളീവിയന്‍ സര്‍ക്കാര്‍ ഈ കരാറുകള്‍ അസാധുവായി പ്രഖ്യാപിക്കുകയും കൈലാസ പ്രതിനിധികളെ ഇന്ത്യ, അമേരിക്ക, സ്വീഡൻ, ചൈന തുടങ്ങിയ അവരവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്‌തതായി ന്യൂയോര്‍ക്ക് ടൈംസിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ എന്ന് അറിയപ്പെടുന്ന രാഷ്ട്രവുമായി ബൊളീവിയ നയതന്ത്ര ബന്ധം പുലര്‍ത്തുന്നില്ലെന്ന് ബൊളീവിയയുടെ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്‌താവനയില്‍ അറിയിച്ചിട്ടുണ്ട്.