ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഹമാസ് നിർബന്ധിക്കുകയും തൻ്റെ നിർദ്ദിഷ്ട വെടിനിർത്തൽ കരാറിലെ പുരോഗതി തടയുകയും ചെയ്‌താൽ ‘പൂർണമായും ഇല്ലാതാക്കപ്പെടും’ -എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
സിഎൻഎൻ റിപ്പോർട്ട് പ്രകാരം , ട്രംപ് തൻ്റെ 20 പോയിന്റ് വെടിനിർത്തൽ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. ഹമാസ് അധികാരത്തിൽ തുടരാൻ നിർബന്ധിച്ചാൽ എന്ത് സംഭവിക്കുമെന്ന് ടെക്സ്റ്റ് സന്ദേശത്തിലൂടെ നേരിട്ട് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു, “പൂർണമായ ഉന്മൂലനം!”.
ഇസ്രായേലും ഹമാസും തമ്മിലുള്ള സുപ്രധാന ചർച്ചകൾ തിങ്കളാഴ്‌ച ഈജിപ്‌തിൽ നടക്കാനിരിക്കെ ആണ് ഇത്. യുഎസ് ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ട്രംപ് തൻ്റെ മരുമകൻ ജാരെഡ് കുഷ്‌നറെയും പശ്ചിമേഷ്യയിലെ ഉന്നത ചർച്ചക്കാരനായ സ്റ്റീവ് വിറ്റ്കോഫിനെയും കെയ്‌റോയിലേക്ക് അയച്ചു. അതേസമയം ചർച്ചകൾ പൂർത്തിയാക്കാൻ ഇസ്രായേലിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവും ഈജിപ്‌തിലുണ്ട്.
നിരായുധീകരണം നിരസിച്ചു കൊണ്ടും, ഗാസയുടെ പൂർണ പലസ്‌തീൻ നിയന്ത്രണം തേടിക്കൊണ്ടും, ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ വിശാലമായ ചർച്ചകളുമായി ബന്ധിപ്പിച്ചു കൊണ്ടും ഹമാസ് പദ്ധതി ഇതിനകം നിരസിച്ചുവെന്നുമുള്ള സെനറ്റർ ലിൻഡ്സെ ഗ്രഹാമിൻ്റെ വാദത്തെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയപ്പോൾ, ട്രംപ് പറഞ്ഞു, “അത് നമുക്ക് മനസിലാകും. കാലം പറയും!”
ഈ ആഴ്‌ച ആദ്യം, ഇസ്രായേൽ തൻ്റെ വെടിനിർത്തൽ നിർദ്ദേശ പ്രകാരമുള്ള ആദ്യത്തെ പിൻവലിക്കൽ രേഖയ്ക്ക് സമ്മതിച്ചതായി പ്രസിഡന്റ് പറഞ്ഞു. ഇസ്രായേലിനെ ഘട്ടം ഘട്ടമായി പിൻവലിക്കൽ, ബന്ദികളെ- തടവുകാരെ കൈമാറ്റം ചെയ്യൽ, ഹമാസിൻ്റെ നിരായുധീകരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തൻ്റെ ഭരണകൂടം ഇപ്പോൾ ഹമാസിൻ്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുക ആണെന്നും ഇത് ‘ഉടനടി’ വെടിനിർത്തലിന് കാരണമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘ചർച്ചകൾക്ക് ശേഷം, ഇസ്രായേൽ പ്രാരംഭ പിൻവലിക്കൽ രേഖ അംഗീകരിച്ചു. അത് ഞങ്ങൾ ഹമാസിന് കാണിച്ചു കൊടുക്കുകയും പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്,’ -ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
‘ഹമാസ് സ്ഥിരീകരിക്കുമ്പോൾ, വെടിനിർത്തൽ ഉടനടി പ്രാബല്യത്തിൽ വരും, ബന്ദികളാക്കൽ, തടവുകാരുടെ കൈമാറ്റം ആരംഭിക്കും, അടുത്ത ഘട്ട പിൻവലിക്കലിനുള്ള സാഹചര്യങ്ങൾ ഞങ്ങൾ സൃഷ്‌ടിക്കും, ഇത് 3,000 വർഷത്തെ ഈ മഹാദുരന്തത്തിൻ്റെ അവസാനത്തോട് അടുക്കും.’
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ പദ്ധതിയുമായി യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “അതെ, ബീബിയുടെ കാര്യത്തിൽ” -എന്ന് ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്‌ച ഗാസയിലെ ആക്രമണം ഇസ്രായേൽ താൽക്കാലികമായി നിർത്തിവച്ചതായി പ്രസിഡന്റ് പറഞ്ഞു. കരാർ അന്തിമമാക്കുന്നതിനുള്ള നിർണായക നടപടിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രണ്ട് മാസത്തിനും എട്ട് വയസിനും ഇടയിൽ പ്രായമുള്ള ഏഴ് കുട്ടികൾ ഉൾപ്പെടെ 70 പലസ്‌തീനികൾ അതേ ദിവസം തന്നെ ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
തൻ്റെ സമാധാന പദ്ധതിക്ക് ഹമാസ് അനുകൂലമായ പ്രാരംഭ പ്രതികരണം നൽകിയതിനെ തുടർന്ന്, ഗാസയിൽ ബോംബാക്രമണം ഉടൻ നിർത്താൻ ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ആണ് ആക്രമണങ്ങൾ ഉണ്ടായത്.
വെള്ളിയാഴ്‌ച ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോയിൽ, ഹമാസിൻ്റെ പ്രതികരണത്തെ ‘ഒരു വലിയ ദിവസം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സംഭവ വികാസങ്ങളെ ‘അഭൂതപൂർവമായത്’ എന്ന് വിശേഷിപ്പിച്ചു.
-ANI























