എറണാകുളത്തെ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ചുവടുവെച്ചത് 11,600 പേർ. മുൻപ് ഉണ്ടായിരുന്ന 10,176 നർത്തകരുടെ റെക്കോഡ് തകർത്തായിരുന്നു ഈ 11,600 പേരുടെ ഭരതനാട്യം.
സംഘടനയായ മൃദംഗനാദം സംഘടിപ്പിച്ച ഈ പരിപാടിക്ക് ഗിന്നസ് അധികൃതർ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര-സീരിയൽ താരങ്ങളായ ദേവിചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി എന്നിങ്ങിനെ നിരവധി പ്രമുഖരും ചുവടുവെയ്ക്കാനെത്തിയിരുന്നു. കൈതപ്രം ദാമോദരന്റെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകി പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്.
ഏഴു വയസ്സുള്ള കുട്ടികൾ മുതലുള്ളവർ മെഗാ പരിപാടിയിൽ പങ്കെടുത്തു. 10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റെക്കോർഡ്. എട്ടു മിനിറ്റ് നീണ്ട റെക്കോർഡ് ഭരതനാട്യം മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ഗോകുൽ ഗോപകുമാറും സംഘവും ഗാനങ്ങൾ അവതരിപ്പിച്ചു.കല്യാൺ സിൽക്‌സിന്റെ നെയ്ത്തുഗ്രാമങ്ങളിൽ ഡിസൈൻ ചെയ്ത നീല നിറത്തിലുള്ള ആർട്ട് സിൽക്ക് സാരി അണിഞ്ഞാണ് നർത്തകർ ഒന്നിച്ചു ചുവടുവെച്ചത്.
കേരളത്തിനു പുറമേ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും നർത്തകർ ഭരതനാട്യത്തിൽ പങ്കെടുത്തു. ഹൈബി ഈഡൻ എം.പി., എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജോയ് ആലുക്കാസ്, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, കൈതപ്രം , പ്രകാശ് പട്ടാഭിരാമൻ, സിജോയ് വർഗീസ്, നിഘോഷ് കുമാർ, ഷമീർ അബ്ദുൽ റഹീം, മിനി നിഘോഷ്, പൂർണിമ, അനൂപ് എന്നിവർ പങ്കെടുത്തു.