ഒരുപറ്റം മൈക്കിൾ ജാക്‌സൺ ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ് ‘മൂൺ വാക്ക്’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ. ലോസ് ഏഞ്ചൽസിലുള്ള വോക്ക് ഓഫ് ഫെയിമിൽ ട്രെയ്‌ലർ പ്രദർശിപ്പിച്ചു. മൈക്കിൾ ജാക്‌സൻ്റെ പേരിലുള്ള സ്റ്റാറിനരികെ വെച്ചാണ് ആരാധകർ ഈ ട്രെയ്‌ലർ പ്രദർശിപ്പിച്ചത്. ചിത്രം മെയ് 30ന് റിലീസ് ചെയ്യാനിരിക്കെ വാർത്ത മൈക്കിൾ ജാക്‌സൺ ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നൊരുക്കുന്ന സിനിമയാണ് ‘മൂൺ വാക്ക്’. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘മൂൺ വാക്ക്’. മെയ് 30ന് റിലീസിനെത്തുന്ന ചിത്രം ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറയുന്നത്.
1980- 90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പറയുന്ന കഥ. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എകെയുടെ ആദ്യ സംവിധാനം കൂടിയാണ് ‘മൂൺ വാക്ക്’.
കൗമാരത്തിൻ്റെ മുഖമുദ്രയായ പാട്ടും ഡാൻസും പ്രണയവും ഹരമാക്കിയ ഒരുപറ്റം പ്രീ- ഡിഗ്രിക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ അവർ നേരിട്ട ചെറുതും വലുതുമായ അനേകം പ്രതിബന്ധങ്ങൾ, അന്നത്തെ ജീവിത- സാമൂഹിക പരിസരങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിൻ്റെ കൊറിയോ ഗ്രാഫർ.
ഡാൻസിനെ ജീവിതത്തിൻ്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നവാഗതരായ ഇവർക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.