ജീവനക്കാര്‍ ആഴ്‌ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന വിവാദ നിര്‍ദേശം മുന്നോട്ടുവെച്ച എല്‍&ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ ശമ്പളം 51 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി ശമ്പളത്തെക്കാള്‍ 534.57 ഇരട്ടി ശമ്പളമാണിതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു.
അടിസ്ഥാന ശമ്പളമായ 3.6 കോടി രൂപയും മുന്‍ വ്യവസ്ഥപ്രകാരമുള്ള 1.67 കോടി രൂപയും കമ്മീഷനായി 35.28 കോടി രൂപയും സുബ്രഹ്‌മണ്യൻ്റെ ശമ്പളത്തില്‍ ഉള്‍പ്പെടുത്തു. വിരമിക്കല്‍ ആനൂകൂല്യമായ 10.5 കോടി രൂപ ഉള്‍പ്പെടെ 51 കോടി രൂപയാണ് വാര്‍ഷിക ശമ്പളമായി അദ്ദേഹം കൈപ്പറ്റിയത്.
എല്‍&ടി ചെയര്‍മാൻ്റെ വിവാദ പരാമര്‍ശം
ജീവനക്കാര്‍ ആഴ്‌ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നിര്‍ദേശവുമായാണ് എല്‍&ടി (ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ) ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്‌മണ്യന്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് ഇദ്ദേഹം ഇക്കാര്യം പറയുന്നത്.
ജീവനക്കാര്‍ ഞായറാഴ്‌ചകളിലും ജോലി ചെയ്യണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. “ഞായറാഴ്‌ചകളില്‍ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. അതിന് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാന്‍ സന്തോഷിക്കും. കാരണം ഞാനും ഞായറാഴ്‌ചകളില്‍ ജോലി ചെയ്യുന്നയാളാണ്,’’ -അദ്ദേഹം പറഞ്ഞു.
‘‘വീട്ടിലിരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എത്ര നേരം ഭാര്യയെ കണ്ടുകൊണ്ടിരിക്കും? ഭാര്യമാര്‍ എത്രനേരം ഭര്‍ത്താവിനെ കണ്ടുകൊണ്ടിരിക്കും? ഓഫീസിലേക്ക് വന്ന് ജോലി ചെയ്യൂ,’’ -എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.
അടുത്തിടെ ചൈനീസ് സ്വദേശിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിലെ ജീവനക്കാര്‍ ആഴ്‌ചയില്‍ 90 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.’’ അതാണ് നിങ്ങള്‍ക്കുള്ള ഉത്തരം. ലോകത്തിൻ്റെ നെറുകയിലെത്തണമെങ്കില്‍ ആഴ്‌ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും,’’ -അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് എല്‍&ടി ചെയര്‍മാൻ്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബോളിവുഡ് താരം ദീപിക പദുകോണും വിഷയത്തില്‍ പ്രതികരിച്ചു.
“കമ്പനിയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് തങ്ങളുടെ വീട്ടിലെ ജോലികള്‍ ചെയ്യാന്‍ എഴെട്ട് ജോലിക്കാര്‍ ഉണ്ടായിരിക്കില്ല. നിങ്ങളുടെ ജീവനക്കാര്‍ക്ക് കുടുംബജീവിതം ആസ്വദിക്കാനും സ്വാതന്ത്ര്യമുണ്ട്. ജോലി പോലെ തന്നെ പ്രധാനമാണ് കുടുംബജീവിതവും,’’ -എന്ന് ഒരാള്‍ എക്‌സില്‍ കുറിച്ചു.
ജീവനക്കാരുടെയും ചെയര്‍മാൻ്റെയും ശമ്പളം
2024 സാമ്പത്തിക വര്‍ഷത്തില്‍ എല്‍&ടി ജീവനക്കാര്‍ക്ക് ലഭിച്ച ശരാശരി ശമ്പളം 9.55 ലക്ഷം രൂപയാണ്. ചെയര്‍മാനായ എസ്എന്‍ സുബ്രഹ്‌മണ്യന്‍ 51 കോടി രൂപയാണ് ശമ്പളമായി കൈപ്പറ്റിയതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ചെയര്‍മാൻ്റെ ശമ്പളത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 43.11 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ചെയര്‍മാൻ്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എല്‍&ടി കമ്പനി രംഗത്തെത്തി.
’’ രാഷ്ട്ര നിര്‍മാണമാണ് ഞങ്ങളുടെ പ്രധാന ദൗത്യം. എട്ട് പതിറ്റാണ്ടിലേറെയായി അടിസ്ഥാന സൗകര്യ മേഖല, വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. അത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അസാധാരണമായ പരിശ്രമം ആവശ്യമാണ്. ഇതുംസബന്ധിച്ച തൻ്റെ അഭിപ്രായമാണ് ചെയര്‍മാന്‍ പങ്കുവെച്ചത്,’’ -എന്നാണ് കമ്പനി നല്‍കിയ വിശദീകരണം.