കാസർകോട് ജില്ലയിലെ മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ അഷ്‌ടബന്ധ ‘ബ്രഹ്‌മ കലശോത്സവ മൂടപ്പ സേവ’ക്ക് ഭക്തിസാന്ദ്രമായ തുടക്കം. പത്ത് കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
മാർച്ച് 27ന് രാവിലെ ആരംഭിച്ച അഷ്‌ടബന്ധ ബ്രഹ്‌മ കലശോത്സവത്തിൽ പ്രത്യേക ഹോമങ്ങളും വിശേഷ പൂജകളും മന്ത്ര-താന്ത്രിക കർമങ്ങളും നടക്കും. ഏപ്രിൽ ഏഴ് വരെയുള്ള ആഘോഷ പരിപാടികളിൽ പ്രവാസികളും കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരും.
ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം പൂർത്തിയായതോടെയാണ് ബ്രഹ്‌മ കലശോത്സവവും മൂടപ്പ സേവയും നടക്കുന്നത്. ദേരെബെയിൽ ശിവപ്രസാദ് തന്ത്രിയും, ഉളിത്തായ വിഷ്‌ണു ആശ്രയും ചേർന്നാണ് ബ്രഹ്‌മ കലശത്തിന് നേതൃത്വം നൽകുന്നത്. പ്രമുഖ സന്യാസിമാരും മതമേലധ്യക്ഷന്മാരും പങ്കെടുക്കും.
അലങ്കാര വിളക്കുകളും കൊടി-തോരണങ്ങളും കമാനങ്ങളും കൊണ്ട് മധൂർ ഗ്രാമവും പരിസര പ്രദേശങ്ങളും അണിഞ്ഞൊരുങ്ങി. ആയിരക്കണക്കിന് ആളുകൾ മാസങ്ങളോളം കർമനിരതരായി സേവനം ചെയ്‌തു.
ക്ഷേത്രത്തിന് സമീപം കൂടാരങ്ങൾ, അടുക്കള, സ്റ്റോർ റൂം തുടങ്ങിയവ ഉണ്ടാക്കിയിട്ടുണ്ട്. ഒരേസമയം 5,000 പേർക്ക് ഇരുന്നും 25,000-ത്തോളം പേർക്ക് ബുഫെ രീതിയിലും ഭക്ഷണം കഴിക്കാം. ഉച്ചയ്ക്കും രാത്രിയിലും അന്നദാന പ്രസാദം നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കളയാണ് സജ്ജമാക്കിയിട്ടുള്ളത്. ശക്തമായ പോലീസ് സുരക്ഷയും വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.