| പിഎസ് സുമേഷ്
ജൂൺ എന്ന സിനിമ ചെയ്ത അഹമ്മദ് കബീർ എന്ന യുവ സംവിധായകനെ ഓർമ്മയില്ലേ. അഹമ്മദിന്റെ പുതിയ ചിത്രമാണ് മധുരം. വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഒട്ടും മാനസിക സുഖം തരുന്ന ഒന്നല്ല ആശുപത്രികളുടേത്. അതിപ്പോൾ അസുഖമായി പോയി കിടക്കാനായാലും അടുപ്പമുള്ളവരോടൊപ്പം ബൈസ്റ്റാൻഡറാവാനായാലും അതല്ല വെറുതെ ആരെയെങ്കിലും കാണാൻ പോയാലും മനസ്സിന് വല്ലാത്തൊരു വിറയല് തോന്നും. അല്ലെങ്കിലും അസുഖം എന്ന പേര് സുഖം തരുന്ന ഒന്നല്ലല്ലോ. എന്നാൽ മധുരം എന്ന സിനിമ നടക്കുന്നത് ഏതാണ്ട് മുഴുവൻ സമയവും ആശുപത്രിയിലാണ്.
പക്ഷെ അവസാനത്തെ ഒരൊറ്റ സീനിലല്ലാതെ നമുക്കവിടെ രോഗികളെ കാണാനാവില്ല. മറിച്ച് ബൈസ്റ്റാൻഡേഴ്സിലൂടെയാണ് സിനിമയെ അഹമ്മദ് മുന്നോട്ട് നയിക്കുന്നത്. ബൈസ്റ്റാൻഡേഴ്സിന്റെ ഇതുവരെ ആരും പറയാത്ത കഥ എന്ന ടാഗ് സിനിമയ്ക്ക് നന്നായി ചേരും. ജിമ്മി ഡോക്ടറിന്റെ ആ കഥയില്ലേ.. അവറാച്ചന്റെ ജീവന്മരണ യുദ്ധത്തെക്കുറിച്ചുള്ളത്. സിനിമയുടെ അവസാനമായപ്പോൾ എനിക്കാ കഥ ഓർമ്മ വന്നു. എല്ലാ പ്രതീക്ഷകളും അറ്റു പോവുമ്പോഴും അവസാന നിമിഷം വരെ ശ്രമിച്ചു എന്ന ചെറിയൊരാശ്വാസത്തിനു വേണ്ടി ഐ.സി.യു വിൽ കുഴലുകളാലും യന്ത്രങ്ങളാലും ബന്ധിക്കപ്പെട്ട് ജീവൻ വെടിയുന്ന അവറാച്ചന്മാർ എത്രയോ ഉണ്ട്.
താൻ വർഷങ്ങളോളം ചെലവഴിച്ച പരിസരങ്ങളിൽ, തന്റെ സ്വപ്നങ്ങൾ തളിരിട്ട സ്വന്തം മുറിയിൽ, ജന്നാലയിലൂടെ കടന്നു വരുന്ന ശുദ്ധവായു ശ്വസിച്ച് ശിഷ്ട ജീവിതം നയിക്കാനുള്ള (അല്ലെങ്കിൽ മരിക്കാനുള്ള) അവകാശം സത്യത്തിൽ രോഗികൾക്കുമില്ലേ.. ഒന്ന് മിണ്ടാൻ കഴിഞ്ഞെങ്കിൽ പലരും ഈ ആഗ്രഹം പറയുമായിരുന്നില്ലേ.. ചിലപ്പോൾ പറഞ്ഞാലും സ്റ്റാറ്റസും കടമയും നിർവഹിക്കാനുള്ള തത്രപ്പാടിൽ ബന്ധുക്കളതിന് സമ്മതിച്ചെന്നു വരില്ല. ഛേ പറഞ്ഞ് വഴി തെറ്റി. ജിമ്മിഡോക്ടറ് വഴി തെറ്റിച്ചു.
സോ ഇത് ആശുപത്രിയിലെ കഥയാണ്. പ്രിയപ്പെട്ടവരെ ക്രിട്ടിക്കൽ കെയർ വാർഡുകളിൽ അഡ്മിറ്റ് ചെയ്ത് നെഞ്ചിടിപ്പുമായി പുറത്ത് കാത്തു നിൽക്കുന്ന ബൈസ്റ്റാൻഡേഴ്സിന്റെ കഥയാണ്.
കൂടെ ഞാൻ മുകളിൽ പറഞ്ഞ, ജിമ്മി ഡോക്ടറുടെ കഥയ്ക്കുള്ളിലെ വിമർശനത്തെ ഉൾക്കൊള്ളുന്ന സിനിമയുമാണ്. ഇതിൽ പ്രണയമുണ്ട്. ബന്ധങ്ങളുണ്ട്, സ്വപ്നങ്ങളുണ്ട്, പ്രതീക്ഷകളുമുണ്ട്.
സൂരജ് സന്തോഷിന്റെ (ആരാധികേ, തീരമേ, ഉയിരിൽ തൊടാം ഒക്കെ ഓർമ്മിച്ചോളൂ) ഗംഭീര സംഗീത വിരുന്നുണ്ട് ചിത്രത്തിൽ. ആരാധികേയുടെ ഫീല് പലപ്പോഴും തോന്നിയെങ്കിലും ആ ശബ്ദം എന്തൊരു മധുരതരമാണ്. ജോജു, ഇന്ദ്രൻസ്, അർജ്ജുൻ അശോക്, ശ്രുതി, നിഖില എന്നിവരുടെ പ്രകടനങ്ങളും മധുരം തന്നെ. ചുണ്ടിലൊരു ചിരി, നെഞ്ചിലൊരു ഭാരം, നാവിൽ പലപ്പോഴും കിനിയുന്ന മധുരം… കൊള്ളാം മധുരം